വിദ്യാഭ്യാസം സ്വഭാവ രൂപീകരണവുമായി കൈകോർത്ത് പോകണം”,

0
31

വിദ്യാഭ്യാസത്തിനും രാഷ്ട്രനിർമ്മാണത്തിനും വിശിഷ്‌ട സംഭാവനകൾ നൽകിയ കൊല്ലം ഫാത്തിമ മാതാ കോളജിൻ്റെ വജ്ര ജൂബിലി ആഘോഷത്തിൽ പങ്കെടുന്നതിനിടെയാണ് ഉപരാഷ്‌ട്രപതിയുടെ പരാമർശം.

കൊല്ലം: വിദ്യാഭ്യാസം സ്വഭാവ രൂപീകരണവുമായി കൈകോർത്ത് പോകണമെന്ന് ഉപരാഷ്ട്രപതി സിപി രാധാകൃഷ്‌ണൻ. അർഥവത്തായതും സംതൃപ്‌തവുമായ ജീവിതത്തിൻ്റെ യഥാർഥ അടിത്തറയാണ് വിദ്യാഭ്യാസമെന്നും സിപി രാധാകൃഷ്‌ണൻ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസത്തിനും രാഷ്ട്രനിർമ്മാണത്തിനും വിശിഷ്‌ട സംഭാവനകൾ നൽകിയ കൊല്ലം ഫാത്തിമ മാതാ കോളജിൻ്റെ വജ്ര ജൂബിലി ആഘോഷത്തിൽ പങ്കെടുന്നതിനിടെയാണ് പരാമർശം.

“മഹത്തായതും ശക്തവും കാരുണ്യപൂർണവുമായ ഒരു സമൂഹം സൃഷ്‌ടിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട അടിത്തറ മനുഷ്യരെ വാർത്തെടുക്കലാണ്. സ്വഭാവ രൂപീകരണം വിദ്യാഭ്യാസത്തിൻ്റെ ആണിക്കല്ലാണ്,” സിപി രാധാകൃഷ്‌ണൻ പറഞ്ഞു. അക്കാദമിക മികവ് മാത്രമല്ല, ദേശീയ പുരോഗതിക്ക് സംഭാവന നൽകാൻ കഴിവുള്ള പൗരന്മാരെ രൂപപ്പെടുത്തുന്ന അച്ചടക്കം, സേവനം, സാമൂഹിക ഉത്തരവാദിത്ത ഗുണങ്ങൾ എന്നിവയുടെ മൂല്യങ്ങളും പരിപോഷിപ്പിച്ചതിന് കൊല്ലത്തെ ഫാത്തിമ മാതാ കോളജിനെ പ്രശംസിക്കുകയും ചെയ്‌തു.

ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്ര ടൂറിസം- പെട്രോളിയം സഹമന്ത്രിയും കോളജിലെ പൂർവ വിദ്യാർതഥിയുമായ സുരേഷ്ഗോപി, ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ, കൊല്ലം റോമൻ കത്തോലിക്ക ബിഷപ്പ് റവ ഡോ പോൾ ആൻ്റണി മുല്ലശ്ശേരി മറ്റ് വിശിഷ്‌ട വ്യക്തികൾ, അധ്യാപകർ, വിദ്യാർഥികൾ, മാതാപിതാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

തലമുറകളെ സമഗ്രതയോടും ലക്ഷ്യബോധത്തോടും കൂടി ജീവിക്കാൻ പ്രചോദിപ്പിച്ച ഒരു മാർഗനിർദേശ തത്വമായി, കോളജിൻ്റെ പ്രചോദനാത്മക മുദ്രാവാക്യമായ ‘പെർ മാറ്റെം പ്രോ പാട്രിയ’ (പിതൃഭൂമിക്കായി അമ്മയിലൂടെ) എന്ന മുദ്രാവാക്യത്തെ സിപി രാധാകൃഷ്‌ണൻ പ്രകീർത്തിച്ചു. 75 വർഷങ്ങൾക്ക് മുമ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിന് സമ്പത്തിനേക്കാൾ ധൈര്യവും വിശ്വാസവും സമൂഹബോധവും ആവശ്യമായിരുന്നെന്ന് സിപി രാധാകൃഷ്‌ണൻ ഓർമിപ്പിച്ചു. അറിവിൻ്റെയും സാമൂഹിക ഉത്തരവാദിത്വത്തിൻ്റെയും ദീപസ്‌തംഭമായി പാരമ്പര്യം ഉയർത്തിപ്പിടിച്ചതിന് ഫാത്തിമ മാതാ നാഷണൽ കോളജിനെ ഉപരാഷ്‌ട്രപതി അഭിനന്ദിച്ചു. 1951-ൽ റവ ഡോ ജെറോം എം ഫെർണാണ്ടസ് സ്ഥാപിച്ചത ഫാത്തിമ മാതാ കോളജ് കൊല്ലത്തെ പ്രധാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ്.

ലഹരി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന് ഉപരാഷ്ട്രപതി ശക്തമായ ആഹ്വാനം നടത്തി. ആഗോളതലത്തിൽ യുവാക്കൾ നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളികളിൽ ഒന്നാണ് ലഹരിയുടെ വിപത്ത് എന്നും ഇത് വ്യക്തികൾക്കും സമൂഹങ്ങൾക്കും ഒരുപോലെ പരിഹരിക്കാനാകാത്ത നാശമുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്നും മദ്യവും നിരസിക്കുന്നതിനായി ഒന്നിച്ച് കൈകോർക്കണമെന്ന് സിപി രാധാകൃഷ്‌ണൻ അഭ്യർഥിച്ചു. ശാരീരികമായ ആരോഗ്യത്തിനും ധാർമ്മിക ശക്തിക്കും സാമൂഹിക ഐക്യത്തിനും ലഹരി വിരുദ്ധ ജീവിതശൈലി അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പ്രചാരണത്തെ ജനങ്ങൾ നയിക്കുന്ന ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റാനുള്ള തൻ്റെ ദൃഢനിശ്ചയത്തെയും സിപി രാധാകൃഷ്‌ണൻ പ്രകടിപ്പിച്ചു.

വിദ്യാഭ്യാസം ഒരു വ്യക്തിക്ക് സ്വന്തമാക്കാവുന്ന ഏറ്റവും വലിയ സമ്പത്താണെന്ന് തമിഴ് കവിയായ തിരുവള്ളുവറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സിപി രാധാകൃഷ്‌ണൻ പറഞ്ഞു. ഇന്ത്യയെ സ്വാശ്രയവും വികസിതവുമായ ഒരു ഭാവിയിലേക്ക് നയിക്കാൻ കഴിയുന്ന ശാസ്ത്രജ്ഞരെയും, നൂതനാശയ സൃഷ്‌ടാക്കളേയും ഭരണാധികാരികളെയും ചിന്തകരെയും വളർത്തിയെടുക്കേണ്ടതിൻ്റെ പ്രാധാന്യവും സിപി രാധാകൃഷ്‌ണൻ കൂട്ടിച്ചേർത്തു. അച്ചടക്കം വളർത്തിയെടുക്കാനും കൃത്യമായ ദിനചര്യകൾ പിന്തുടരാനും, പഠനത്തോടുള്ള ആജീവനാന്ത പ്രതിബദ്ധത നിലനിർത്താനും അദ്ദേഹം വിദ്യാർഥികളെ പ്രോത്സാഹിപ്പിച്ചു.

സാമൂഹ്യ മാധ്യമങ്ങൾ ശ്രദ്ധാപൂർവ്വവും ഉത്തരവാദിത്തത്തോടെയും ഉപയോഗിക്കണമെന്നും ദുരുപയോഗ സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകണമെന്നും ഉപരാഷ്ട്രപതി വിദ്യാർഥികളോട് അഭ്യർത്ഥിച്ചു. സാങ്കേതികവിദ്യയ്ക്ക് പരസ്‌പരം ബന്ധിപ്പിക്കാനും വിവരങ്ങൾ നൽകാനും വളരെയധികം ശക്തിയുണ്ടെങ്കിലും, അശ്രദ്ധമായ ഉപയോഗം തെറ്റിദ്ധരിപ്പിക്കാനും വിഭജിക്കാനും ശ്രദ്ധ തിരിക്കാനും കാരണമാകുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. സത്യം, കാരുണ്യം, ദേശീയ ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് സാമൂഹ്യ മാധ്യമങ്ങൾ ക്രിയാത്മകമായി ഉപയോഗിക്കണമെന്നും സിപി രാധാകൃഷ്‌ണൻ യുവാക്കളോട് ആഹ്വാനം ചെയ്‌തു.

ഏഴര പതിറ്റാണ്ടായി രാഷ്ട്രത്തിനുവേണ്ടി അർപ്പണബോധത്തോടെ സേവനം അനുഷ്‌ഠിക്കുന്ന കോളജിനെ ഉപരാഷ്ട്രപതി സിപി രാധാകൃഷ്‌ണൻ അഭിനന്ദിച്ചു. ജ്ഞാനത്തിൻ്റെ ക്ഷേത്രവും മൂല്യങ്ങളുടെ വിളക്കുമാടവുമാണെന്ന് കോളജിനെ വിശേഷിപ്പിച്ചു. കോളജിൻ്റെ വളർച്ചയ്ക്കും ഇന്ത്യയുടെ വിദ്യാഭ്യാസപരവും ധാർമ്മികവുമായ പുരോഗതിക്ക് നൽകുന്ന സംഭാവനയ്ക്കും സിപി രാധാകൃഷ്‌ണൻ ആശംസകൾ നേർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here