അമീബിക് മസ്‌തിഷ്‌ക ജ്വരം; കാരണം തേടി വലിയ റിസർച്ച് ഒന്നും ആവശ്യമില്ല’ – ഡോ. ഹാരിസ് ചിറയ്‌ക്കല്‍

0
27

സംസ്ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആരോഗ്യവകുപ്പിനെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ഒന്നര മാസത്തിനിടെ ഒട്ടേറെ പേരുടെ ജീവനാണ് ഈ രോഗമെടുത്തത്. എന്നാല്‍ അമീബിക് മസ്‌തിഷ്‌ക ജ്വരം കേരളത്തിന്‍റെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കര്‍ണാടകയിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ഹാരിസ് ചിറയ്ക്കല്‍.

കേരളത്തില്‍ രോഗം പടരുന്നത് എന്തുകൊണ്ടാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നില്ല. എന്നാല്‍ രോഗകാരണം കണ്ടെത്താന്‍ വലിയ ഗവേഷണമൊന്നും വേണ്ടായെന്നും മാലിന്യം വലിച്ചെറിയുന്നതാണ് രോഗത്തിനുള്ള കാരണവുമെന്നാണ് ഡോ. ഹാരിസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കുന്നത്.

ഇത് പരിഹരിക്കുകയെന്നത് സമൂഹത്തിന്‍റെ ബാധ്യതയാണെന്നും അത് പരിഹരിക്കണമെന്നും അല്ലാതെ ഡോക്‌ടറുടെ തലയില്‍ വെട്ടിയിട്ട് കാര്യമില്ലെന്നും ഹാരിസ് ചിറയ്ക്കലിന്‍റെ പോസ്‌റ്റില്‍ പറയുന്നു.

അമീബിക് മസ്‌തിഷ്‌ക ജ്വരം ഏകദേശം 140 പേരെ ബാധിച്ചു കഴിഞ്ഞു. 26 മരണങ്ങളും. തൊട്ടടുത്ത തമിഴ്നാട്ടിലും കർണാടകയിലും മറ്റ് സംസ്ഥാനങ്ങളിലും ഈ രോഗം റിപ്പോർട്ട്‌ ചെയ്യുന്നില്ല. കാരണം തേടി വലിയ റിസർച്ച് ഒന്നും ആവശ്യമില്ല. മാലിന്യം വലിച്ചെറിയൽ തന്നെ.

കഴിഞ്ഞ 20-30 വർഷങ്ങൾ മുമ്പ് കേട്ടുകേൾവിയില്ലാത്ത ഇത്തരം വൃത്തികെട്ട രോഗങ്ങൾക്ക് ഒറ്റ കാരണം പരിസര ശുചിത്വം ഇല്ലായ്മയാണ്. കുളങ്ങളിലും പുഴകളിലും അറവ് മാലിന്യങ്ങൾ, ഹോട്ടൽ മാലിന്യങ്ങൾ, സെപ്റ്റിക് ടാങ്ക് മാലിന്യങ്ങൾ ഇതൊക്കെ തള്ളുന്നതിന്‍റെ വില തിരിച്ചു കിട്ടുന്നു എന്ന് കരുതിയാൽ മതി.

എലിപ്പനി, കൊതുക് പരത്തുന്ന ഡെങ്കി ഫീവർ പോലെയുള്ള രോഗങ്ങൾ, തെരുവ് നായകൾ ഇതൊക്കെ വൃത്തികേടിന്‍റെ സൂചകങ്ങളാണ്. സമൂഹത്തിന്‍റെ ആകെ ബാധ്യതയാണ് ഇത് പരിഹരിക്കുക എന്നുള്ളത്. ഡോക്‌ടറുടെ തലയിൽ വെട്ടിയിട്ട് കാര്യമൊന്നും ഇല്ല- ഡോ. ഹാരിസ് ചിറയ്‌ക്കല്‍ കുറിച്ചു.

നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെർമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം അഥവാ അമീബിക് എൻസെഫലൈറ്റിസ് ഉണ്ടാകുന്നത്. സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാകുന്നത്.

മൂക്കിനേയും മസ്‌തിഷ്‌ക്കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാകുകയുമാണ് ചെയ്യുന്നത്. രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ല. രോഗാണുബാധ ഉണ്ടായാൽ 5 മുതൽ 10 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here