കണ്ണൂർ: നെയ്‌ത് പലകയിൽ ഊടും പാവും അടുപ്പിക്കുമ്പോൾ നെയ്‌ത് തൊഴിലാളി പവിത്രൻ വലിയ ആവേശത്തിലാണ്. പവിത്രൻ തയാറാക്കുന്നത് പ്രധാനമന്ത്രിക്കും ഒപ്പം ഏഴ് കേന്ദ്രമന്ത്രിമാർക്കുമുള്ള ഓണക്കോടിയാണ്. കഴിഞ്ഞ തവണയും പ്രധാനമന്ത്രിക്കുള്ള വസ്ത്രം നെയ്‌തത് ലോക്‌നാഥ് വീവേഴ്‌സിൽ നിന്ന് തന്നെയാണ്. 43 വർഷത്തെ പാരമ്പര്യമുള്ള കണ്ണൂർ മേലെ ചൊവ്വയിലെ ലോക്‌നാഥ് വീവേഴ്‌സിന് കഴിഞ്ഞ മൂന്ന് വർഷമായി വിവിഐപി പരിഗണനയാണ്.
കഠിനാധ്വാനം ചെയ്‌താൽ അർഹിക്കുന്ന അംഗീകാരം നമ്മളെ തേടിയെത്തും എന്നതിന് ഉദാഹരണമാണ് ലോക്‌നാഥ് വീവേർസും അവിടുത്തെ തൊഴിലാളികളും. പ്രധാനമന്ത്രിക്കായി വ്യത്യസ്‌ത നിറത്തിലുള്ള വസ്‌ത്രങ്ങള്‍ തുന്നിച്ചേർക്കുന്ന തിരക്കിലാണ് ഇവരിപ്പോള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി രണ്ട് ഡിസൈനും മറ്റുള്ളവർക്ക് ഓരോന്നും വീതം 9 തരത്തിലുള്ള ഡിസൈനുമാണ് ഇവിടെ ഒരുക്കുന്നതെന്ന് സെക്രട്ടറി വിനോദ് കുമാർ പറയുന്നു.
ഓരോരുത്തർക്കും കുർത്തയ്ക്കായി അഞ്ച് മീറ്റർ വീതം 45 മീറ്റർ തുണി തിരുവനന്തപുരത്ത് എത്തിച്ച് ഹാൻഡ് എക്‌സിലേക്ക് ആണ് അയക്കുന്നത്. അവിടെയുള്ള തയ്യൽ യൂണിറ്റ് ആണ് കുർത്ത തയ്ക്കുക. കഴിഞ്ഞ രണ്ട് വർഷവും ലോക്‌നാഥിൽ നിന്നാണ് പ്രധാനമന്ത്രിക്കുള്ള ഓണക്കോടി ഒരുക്കിയത്. ഇത്തവണ രാജ്‌നാഥ് സിങ് നിധിൻ ഗഡ്‌കരി എന്നിവർ ഉൾപ്പെടെ ഏഴ് കേന്ദ്രമന്ത്രിമാർക്കും ഓണക്കോടി ഒരുക്കുന്നുണ്ട്.
വെള്ള നിറത്തിലുള്ള പാവും രണ്ട് ടൈ ആൻഡ് ഡൈ നൂലും ഒരു പ്ലെയിൻ നൂലും ഉപയോഗിച്ചുള്ള ഊടുമാണ് പ്രധാനമന്ത്രിയുടെ ഓണക്കോടിക്കായി ഒരുക്കിയത്. ഒന്ന് ചന്ദന നിറത്തിലും മറ്റൊന്ന് പർപ്പിൾ നിറത്തിലും. മറ്റ് മന്ത്രിമാർക്കായി വെള്ള നിറത്തിലുള്ള പാവും രണ്ട് ടൈ ആൻഡ് ഡൈ നൂൽ ഉപയോഗിച്ചുള്ള ഊടിലും വ്യത്യസ്‌ത നിറങ്ങളാണ് നെയ്തെടുക്കുന്നത്.
കുർത്ത വിരിയുന്നത് സഹജയുടെ കൈ കരുത്തിൽ: നെയ്‌ത് കലയിൽ 20 വർഷത്തിലധികം പ്രവർത്തി പരിചയമുള്ള എളയാവൂരിലെ കെവി സഹജയാണ് വിവിഐപികൾക്ക് ഉള്ള തുണി നെയ്യുന്നത്. ആദ്യമായാണ് പ്രധാനമന്ത്രിക്ക് തുണി നെയ്യുന്നതെന്നും ഏറെ സന്തോഷം ഉണ്ടെന്നും സഹജ പറയുന്നു. നാല് നിറത്തിൽ 20 മീറ്റർ തുണി ഇതുവരെ നെയ്‌തു.
ഇപ്പോൾ പ്രധാനമന്ത്രിക്കായുള്ള കടുംചന്ദനം നിറമുള്ള തുണിയാണ് നെയ്യുന്നത്. ചളി പുരളാതെ നൂൽ പൊട്ടാതെ സാധാരണ നെയ്യുന്നതിനേക്കാൾ സമയം എടുക്കുമെന്നും ഒരു ദിവസം അഞ്ച് മീറ്റലധികം നെയ്‌ത് എടുക്കാറുണ്ടെന്നും സഹജ പറഞ്ഞു.
ലോക്‌നാഥിനെ തേടി വിവിഐപി ഭാഗ്യം എത്തിയത് ഇങ്ങനെ: 1955ലാണ് ലോക്‌നാഥ് വീവേഴ്‌സ് സൊസൈറ്റി രൂപം കൊണ്ടത്. നാഷണൽ ഹാൻഡ്‌ലൂം ഡവലപ്മെൻ്റ് പ്രോഗ്രാം (NHDP) 2018ൽ നടപ്പാക്കിയ ഒരു പ്രോജക്‌ട് കൃത്യതയോടെ പൂർത്തിയാക്കിയതോടെയാണ് ലോക്‌നാഥിൻ്റെ ഗ്രാഫ് ഉയർന്നത്. പ്രോജക്‌ടിൽ ലോക് നാഥ് ക്ലസ്റ്ററിൽ ലോക്‌നാഥ് ഉൾപ്പടെ നാല് സൊസൈറ്റികളാണ് ഉണ്ടായിരുന്നത്. പ്രിയദർശിനി മുഴപ്പാല, കെകെ എസ് പെരളശേരി, കൗസല്യ തോട്ടട എന്നിവയാണ് അത്. മൂന്ന് വർഷം കൊണ്ടാണ് ഇവർ പ്രൊജക്‌ട് പൂർത്തീകരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് വിവിഐപികൾക്കുള്ള വസ്ത്രം നെയ്യൽ സംബന്ധിച്ച് സൊസൈറ്റിക്ക് അറിയിപ്പ് ലഭിച്ചത്. ഹാൻഡ്‌സിൻ്റെ ടെക്‌നിക്കൽ വിഭാഗം ഉദ്യോഗസ്ഥരും ലോക്‌നാഥ് കൈത്തറി സംഘം പ്രസിഡൻ്റ് എ പവിത്രൻ, വീവിങ് കം ഡൈയിനിങ് മാസ്റ്റർ ടിവി വിജേഷ് ലോക്‌നാഥ് വിവേഴ്‌സ് സെക്രട്ടറി പി വിനോദ് കുമാർ എന്നിവരുടെ സംഘം ചർച്ച ചെയ്‌താണ് നിറവും ഡിസൈനും തീരുമാനിച്ചത്.
താഴെ ചൊവ്വയിലെ കൈത്തറി രാജാവ്: കണ്ണൂരിൽ ആകെ 35 സൊസൈറ്റികളാണ് ഉള്ളത്. അതിൽ ഒന്നാണ് ലോക്‌നാഥ് വീവേഴ്‌സ്. ലോക്‌നാഥിൽ നിർമ്മിക്കുന്ന വസ്ത്രങ്ങൾക്കൊക്കെയും ചായം മുക്കല്‍ മുതൽ എല്ലാ പ്രവർത്തികളും ഇവിടെ തന്നെയാണ് ചെയ്യുന്നതെന്ന് വിനോദ് പറയുന്നു. ഒരു വർഷം ഒരു കോടിക്ക് അടുത്ത് വരുമാനം ലഭിക്കുന്ന സൊസൈറ്റി കൂടി ആണ് ലോക്‌നാഥ്.
45 തൊഴിലാളികളടക്കം 50 പേരാണ് ഇവിടെയുള്ളത്. ലോക്‌നാഥ് ക്ലസ്റ്ററിൽപ്പെട്ട നാല് യൂണിറ്റും സോളാർ വൈദ്യുതിയിൽ ആണ് പ്രവർത്തിക്കുന്നത്. മൈക്രോ ഇൻവെർട്ടർ സിസ്റ്റത്തിൻ്റെ പ്രവർത്തനത്തിന് കേരളത്തിൽ ആദ്യമായി തുടക്കമിട്ടതും ലോക്‌നാഥ് വീവേഴ്‌സ് സൊസൈറ്റിയാണെന്ന് വിനോദ് കുമാർ പറഞ്ഞു.







