കള്ളിച്ചെടി ഇനത്തില്‍ പെടുന്ന ഡ്രാഗൺ ഫ്രൂട്ട് അനായാസം തന്നെ നമുക്ക് വീട്ടില്‍ വിളയിക്കാവുന്നതാണ്. സ്ഥലപരിമിതിയുണ്ടെങ്കില്‍ ചട്ടികളില്‍ ഇതെങ്ങനെ കൃഷി ചെയ്യാം എന്നറിയാം.
നാരുകളാലും ആന്‍റി ഓക്‌സിഡന്‍റുകളാലും സമ്പുഷ്‌ടമായ ഡ്രാഗൺ ഫ്രൂട്ട് നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഫലമാണ്. രക്തത്തിലെ പഞ്ചാരയുടെ അളവ് നിയന്ത്രിക്കാന്‍ ഇതിന് കഴിയുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഡ്രാഗണ്‍ ഫൂട്ടിനായി ഏറെ പേരും വിപണിയെയാണ് ആശ്രയിക്കുന്നത്.
മുടക്കേണ്ടി വരുന്നതാവട്ടെ ഉയര്‍ന്ന തുകയും. എന്നാല്‍ കള്ളിച്ചെടി ഇനത്തില്‍ പെടുന്ന ഡ്രാഗൺ ഫ്രൂട്ട് അനായാസം തന്നെ നമുക്ക് വീട്ടില്‍ വിളയിക്കാവുന്നതാണ്. നമ്മുടെ കാലാവസ്ഥ ഈ ചെടിക്ക് ഏറ്റവും അനുയോജ്യവുമാണ്. വീട്ടില്‍ സ്ഥലപരിമിതിയുണ്ടെങ്കില്‍ ചട്ടികളിലും ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്യാം. അതിനായി ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം…
ചട്ടിയുടെ തിരഞ്ഞെടുപ്പ്
ഡ്രാഗണ്‍ ഫ്രൂട്ട് ചെടി നടാനെടുക്കുന്ന ചട്ടിയുടെ തിരഞ്ഞെടുപ്പ് ഏറെ പ്രധാനപ്പെട്ടതാണ്. ആവശ്യമായ വലിപ്പവും ദീർഘകാലത്തേക്ക് ചെടിയെ താങ്ങി നിർത്താൻ തക്ക സ്ഥിരതയുള്ളതുമാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ചട്ടിക്ക് ഏറ്റവു കുറഞ്ഞത് 15-20 ഇഞ്ച് വ്യാസവും ആഴവും വേണം. ഇതിലും വലിയതാണെങ്കില്‍ നല്ലത്. നല്ല ഡ്രെയിനേജ് ദ്വാരങ്ങളുള്ള സിമൻ്റ് അല്ലെങ്കിൽ കട്ടിയുള്ള പ്ലാസ്റ്റിക് ചട്ടികളാണ് ഏറ്റവും അനുയോജ്യം.
നടീല്‍ മണ്ണ് തയ്യാറാക്കല്‍
നല്ല നീർവാർച്ചയുള്ളതും ഫലഭൂയിഷ്ഠവുമായ മണ്ണാണ് ഡ്രാഗണ്‍ ഫ്രൂട്ട് ചെടി ഇഷ്‌ടപ്പെടുന്നത്. മണ്ണ് (40% ), കമ്പോസ്റ്റ്/ചാണകം (30%), മണൽ ( 20% – നീർവാർച്ചയ്ക്ക്) കൊക്കോപീറ്റ് ( 10% – ഈർപ്പം നിലനിർത്തുന്നു) എന്നിവ ചേര്‍ത്ത് നടീല്‍ മിശ്രിതം തയ്യാറാക്കാം. കളിമണ്ണ് അല്ലെങ്കിൽ വെള്ളം കെട്ടിനിൽക്കുന്ന തരത്തിലുള്ള മണ്ണ് എന്നിവ ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
ഡ്രാഗൺ ചെടി നടാന്‍ ഏറ്റവും അനുയോജ്യമായത് ഒക്ടോബർ– നവംബർ മാസങ്ങളാണ്. തണ്ട് നടുന്നതാണ് ഏറ്റവും നല്ലത്. ഇതിനായി 12–18 ഇഞ്ച് നീളമുള്ള ആരോഗ്യമുള്ള തണ്ട് ഉപയോഗിക്കാം. പ്രാദേശിക നഴ്‌സറികൾ, കൃഷി ഭവൻ അല്ലെങ്കില്‍ ആമസോൺ പോലുള്ള ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളില്‍ ഇതു ലഭ്യമാവും.
അഴുകൽ തടയാൻ നടുന്നതിന് മുമ്പ് മുറിച്ച അറ്റം തണലിൽ 3–5 ദിവസം ഉണങ്ങാൻ അനുവദിക്കുക. 2-3 ഇഞ്ച് താഴ്‌ത്തിയാണ് തണ്ട് നടേണ്ട്. നടീലിനു ശേഷം ലഘുവായി നനയ്ക്കുക. ആദ്യത്തെ 1–2 ആഴ്‌ച ഭാഗിക തണലിൽ വയ്ക്കുക. വേര് പിടിച്ചുകഴിഞ്ഞാല്‍ ചട്ടി പൂർണ്ണ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തേക്ക് മാറ്റാം.
ദിവസത്തില്‍ കുറഞ്ഞത് 6 മണിക്കൂറെങ്കിലും ചെടിക്ക് പൂര്‍ണ സൂര്യപ്രകാശം വേണം. ടെറസ്, ബാൽക്കണി, അല്ലെങ്കിൽ വെയിൽ ലഭിക്കുന്ന വരാന്ത എന്നിവയില്‍ ചട്ടി സൂക്ഷിക്കാം. ചെടി വളരുന്നത് അനുസരിച്ച് അതിന് താങ്ങ് ആവശ്യമാണ്.
5–6 അടി ഉയരമുള്ള സിമൻ്റ് തൂണോ മരത്തടിയോ ഇതിനായി ഉപയോഗിക്കാം. ചെടിയുടെ ശാഖകൾ തൂങ്ങിക്കിടക്കാനും എളുപ്പത്തിൽ ഫലം കായ്ക്കാനും കഴിയുന്ന തരത്തിൽ മുകളിൽ ഒരു തിരശ്ചീന വളയം അല്ലെങ്കിൽ ടയർ റിം ഘടിപ്പിക്കുന്നത് നല്ലതാണ്.
നനയും വളപ്രയോഗവും
വേനൽക്കാലത്ത് ആഴ്‌ചയിൽ 2-3 തവണ നനയ്ക്കുക. നനയുടെ ഇടവേളകളില്‍ മേൽമണ്ണ് ഉണങ്ങാന്‍ അനുവദിക്കുക. മഴക്കാലത്ത് നന കുറയ്‌ക്കാം. 2 മാസത്തിലൊരിക്കൽ കമ്പോസ്റ്റ്/ചാണകം എന്നിവ വളമായി നല്‍കാം. അല്ലെങ്കില്‍ NPK (10-10-10) പകുതി ഡോസില്‍ ഉപയോഗിക്കാം. ഏതെങ്കിലും വളം പ്രയോഗിക്കുന്നതിന് മുമ്പും ശേഷവും നന്നായി നനയ്ക്കുക. പൂവിടുന്ന ഘട്ടത്തില്‍ പൊട്ടാഷ് നല്‍കാം.
കൊമ്പുകോതലും പരിപാലനവും
ദുർബലമായതോ തിങ്ങിനിറഞ്ഞതോ ആയ ശാഖകൾ നീക്കം ചെയ്യാന്‍ ശ്രദ്ധിക്കുമല്ലോ. ചുവടിൽ നിന്ന് ശക്തമായ 3–4 ശാഖകൾ മാത്രം വളരാൻ അനുവദിക്കുക. ശാഖകൾ കയറുമ്പോൾ താങ്ങുമായി അയഞ്ഞ രീതിയിൽ കെട്ടുക.
പൂവിടലും പരാഗണവും
നട്ട് 8–12 മാസങ്ങൾക്ക് ശേഷം ചെടി പൂവിടാനും കായ്‌ക്കാനും തുടങ്ങും. രാതിയില്‍ വിരിയുന്ന പൂക്കള്‍ ഒരു ദിവസം മാത്രമേ നിലനിൽക്കൂ. സ്വയം പരാഗണം നടത്തുന്ന ചെടികളല്ലെങ്കില്‍ അതു നമ്മള്‍ ചെയ്‌തു നല്‍കണം. അതിനായി മൃദുവായ ബ്രഷ് ഉപയോഗിച്ച് പൂക്കളില്‍ പരാഗണം നടത്താം. പൂവിട്ട് 30–50 ദിവസങ്ങൾക്ക് ശേഷം പഴങ്ങൾ പറിച്ചെടുക്കാൻ പാകമാവും. ഈ സമയം തൊലി തിളക്കമുള്ള പിങ്ക്/ചുവപ്പ് നിറമായിരിക്കും.






