ഭൂമി ഏറ്റെടുക്കല്‍ തടയണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

0
28

വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനു ടൗണ്‍ഷിപ് നിര്‍മിക്കാന്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസുമാരായ സുബ്രമണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥന്‍ ശങ്കര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് തള്ളിയത്. എസ്റ്റേറ്റ് സര്‍ക്കാരിന് കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്ന് എസ്റ്റേറ്റ് ഉടമകള്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിട്ടുള്ളത് ആണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. തര്‍ക്കം നഷ്ടപരിഹാര തുകയെ കുറച്ച് മാത്രമാണെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

എല്‍സ്റ്റണ്‍ എസ്റ്റേറ്റിൻ്റെ 78.73 ഹെക്ടര്‍ ഭൂമിയാണ് ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ നടപടി ആരംഭിച്ചത്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഏറ്റെടുക്കല്‍ നടപടി തുടങ്ങിയത്. ഹൈക്കോടതിയുടെ ഈ ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് എസ്റ്റേറ്റ് ഉടമകള്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ ആവശ്യപ്പെട്ടു.

ഏറ്റെടുക്കുന്ന എസ്റ്റേറ്റ് ഭൂമിയിലെ കെട്ടിടങ്ങള്‍, മരങ്ങള്‍, തേയില ചെടികള്‍, മറ്റ് കാര്‍ഷിക വിളകള്‍ എല്ലാം കൂടി ചേര്‍ത്ത് 26.56 കോടി രൂപ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഏറ്റെടുക്കുന്ന എസ്റ്റേറ്റ് ഭൂമിക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വില വളരെ കുറവാണെന്നാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉടമകുളുടെ വാദം. 2013 ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ 26 -ാം വകുപ്പ് പ്രകാരം നഷ്ടപരിഹാര തുക കണക്കാക്കിയാല്‍ ഇത് വളരെ കുറവായിരിക്കുമെന്നാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉടമകളുടെ വാദം.

ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ശക്തമായി എതിര്‍ത്തിരുന്നു. ഭൂമി കൈമാറുമ്പോള്‍ ഉള്ള നഷ്ടപരിഹാരം തീരുമാനിക്കേണ്ടത് തങ്ങളല്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നിയമത്തില്‍ അനുശാസിക്കുന്നത് പോലെ ഭൂമി വിലയെ സംബന്ധിച്ച തര്‍ക്കം ഉണ്ടെങ്കില്‍ അത് ബന്ധപ്പെട്ട സംവിധാനത്തിലാണ് ഉന്നയിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി.

അതേസമയം ഇതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഹൈക്കോടതി പുറപ്പടിവിച്ചത് ഇടക്കാല ഉത്തരവ് മാത്രമാണെന്നും, പ്രധാന ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. തങ്ങളുടെ പരിഗണനയിലിരിക്കുന്ന ഹര്‍ജിയില്‍ അടിയന്തിരമായി വാദം കേള്‍ക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here