തെയ്യങ്ങള്‍ കാവ് വിട്ടിറങ്ങിയാല്‍ പിന്നെന്തെന്ന് ആരും ചോദിക്കുന്നില്ല, അറിയുന്നില്ല. ദൈവ കോലങ്ങളായി സ്വയം മാറുമ്പോഴുള്ള സ്വീകാര്യതയ്ക്ക് അപ്പുറം തെയ്യം കലാകാരന്മാര്‍ക്ക് ആദരം ഒരുക്കണം. അവരെ ചേര്‍ത്ത് പിടിക്കണം.
ഉത്തര കേരളത്തില്‍ ഇന്ന് തെയ്യക്കാലമാണ്. മനുഷ്യന്‍ തെയ്യകോലങ്ങള്‍ അണിഞ്ഞ് ദൈവം ആയി മാറുന്ന വിശ്വാസം. ഒരു നാടിൻ്റെ രക്തത്തില്‍ ആഴ്ന്നിറങ്ങുന്ന വികാരം. തലമുറകളോളം പടരുന്ന ലഹരി. എത്ര തരം തെയ്യക്കോലങ്ങളുണ്ടെന്ന് എണ്ണുക അസാധ്യം. ജ്വലിക്കുന്ന അഗ്നിയെ വലംവച്ചും അഗ്നിയില്‍ ഇരുന്നും ഓടിയും ഉഗ്രരൂപമായി മാറുന്ന ദൈവങ്ങള്‍. അസുരഗണങ്ങളെ നിഗ്രഹിക്കാന്‍ രൂപം എടുത്ത വിഷ്ണുമൂര്‍ത്തിയും, രക്ത ചാമുണ്ഡിയും, കണ്ടനാര്‍കേളനും, ഗുളികനും, അങ്ങനെ അങ്ങനെ… ദൈവത്തെ കാണാനെത്തുന്ന ഓരോ ഭക്തനും മനമുരുകി തങ്ങളുടെ ആദികള്‍ ദൈവകോലങ്ങളോട് പറയും. സങ്കടങ്ങളെല്ലാം അവസാനിക്കുമെന്ന തെയ്യകോലങ്ങളുടെ ആശ്വസ വാക്കില്‍ അവര്‍ വീടുകളിലേക്ക് മടങ്ങും.
തെയ്യകോലങ്ങള്‍ക്കും മഹോത്സവങ്ങള്‍ക്കും ഒരു സമയമുണ്ട്. കെട്ടിയാട്ടങ്ങള്‍ക്ക് ശേഷം വേശം അഴിച്ചുവച്ച് പച്ചയായ മനുഷ്യരാകുന്ന സമയം. അപ്പോഴത്തെ തെയ്യക്കലാകാരന്മാരുടെ ജീവിതം ആര്‍ക്കും അറിയേണ്ടതില്ല. തുടര്‍ന്നിങ്ങോട്ടുള്ള സാമ്പത്തിക പ്രശ്‌നത്തിൻ്റെയും തൊഴിലില്ലായ്മയുടെയും ആകുലതയിലാണ് പിന്നീടുള്ള അവരുടെ നാളുകള്‍.