ക്ലസ്റ്ററുകൾക്ക് പുറത്ത് കോവിഡ് പടർന്നിട്ടില്ലെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്. പൊലീസുകാർ, ആരോഗ്യപ്രവർത്തകർ തുടങ്ങി രോഗസാധ്യത ഉള്ളവരിൽ നടത്തിയ കഴിഞ്ഞ രണ്ടുമാസത്തെ സെന്റി നൽ സർവയലൻസ് റിപ്പോർട്ടിലാണ് ഈ വിവരം. എന്നാൽ, ഇതര സംസ്ഥാനത്തു നിന്നെത്തുന്ന ട്രെക്ക് ഡ്രൈവർമാരുമായി ബന്ധപ്പെടുന്നവരിലും ആരോഗ്യപ്രവർത്തകരിലും രോഗബാധ ഉയരുന്ന സൂചന ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ജലദോഷപ്പനിക്കോ ശ്വാസകോശ രോഗങ്ങളുമായോ ചികിത്സ തേടിയവർ, ആരോഗ്യപ്രവർത്തകർ പൊലീസുകാർ, കച്ചവടക്കാർ അതിഥി തൊഴിലാളികൾ തുടങ്ങിയവരിൽ ജൂൺ-ജൂലൈ മാസങ്ങളിൽ നടത്തിയ പരിശോധനയിലാണ് പ്രതീക്ഷ നിലനിർത്തുന്ന വിവരങ്ങൾ. ക്ലസ്റ്ററുകൾക്ക് പുറത്തേക്ക് വളരെ ചെറിയ അളവിൽ മാത്രമേ രോഗവ്യാപനം ഉള്ളൂ എന്നാണ് ആരോഗ്യവകുപ്പിന്റെ പരിശോധനാ റിപ്പോർട്ട്. ജൂണിൽ ജലദോഷപ്പനിക്ക് ചികിത്സ തേടിയവരിൽ 3810 പേരെ പരിശോധിച്ചതിൽ അഞ്ചു പേർക്ക് മാത്രമാണ് പോസിറ്റീവ് ആയത്. അഞ്ചുപേരും പൊന്നാനി താലൂക്കിൽ നിന്നുള്ളവരാണ്. ജൂലൈയിൽ ജലദോഷപ്പനിക്കാരിൽ 7805 പേരെ പരിശോധിച്ചതിൽ ആറ് പേർക്ക് മാത്രമാണ് രോഗം കണ്ടെത്തിയത്.
മുൻഗണന വിഭാഗങ്ങളിൽ എല്ലാം കൂടി ജൂണിൽ 38 പേരിലും ജൂലൈ 205 പേരിലുമാണ് കോവി ഡ് കണ്ടെത്തിയത്. ഏപ്രിൽ മാസത്തിലെ പോസിറ്റിവിറ്റി റേറ്റ് 0.1 ആയിരുന്നെങ്കിൽ ജൂലൈയിൽ അത് 0.59 ശതമാനമായി മാത്രമേ വർധിച്ചിട്ടുള്ളു. ജൂണിൽ 17079 പേരെയും ജൂലൈയിൽ 35038 പേരെയും പരിശോധിച്ചു. 35 ശതമാനം പേർക്കും ലക്ഷണങ്ങളും ഉണ്ടായിരുന്നു.
വിദേശത്തു നിന്നെത്തിയ കോവിഡ് പോസിറ്റീവായവരുടെ സഹയാത്രികരും ലക്ഷണങ്ങൾ ഇല്ലാതെ മടങ്ങിയെത്തിവരിലും നടത്തിയ പരിശോധനയിലും രോഗവ്യാപനം തീവ്രമല്ലെന്നാണ് കണ്ടെത്തൽ. പുറത്തുനിന്നെത്തിയവരിൽ 41730 പേരെ പരിശോധിച്ചതിൽ 1313 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. പൊന്നാനി ഉൾപ്പെടെ ക്ലസ്സ്റ്ററുകൾ നേരത്തെ തിരിച്ചറിയാൻ സഹായിച്ചതും സെന്റിനൽ സർവയലൻസ് ആണെന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്.