സിഡ്നിയിൽ ഇന്ത്യ 185ന് പുറത്ത്;

0
52

ബോര്‍ഡര്‍- ഗവാസ്കര്‍ പരമ്പരയിലെ അഞ്ചാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 185 റണ്‍സിന് പുറത്ത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ ഇന്നിങ്സ് 72.2 ഓവറുകളിൽ അവസാനിച്ചു. 98 പന്തില്‍ 40 റണ്‍സെടുത്ത ഋഷഭ് പന്താണ് ടോപ് സ്‌കോറര്‍. 4 വിക്കറ്റ് വീഴ്ത്തിയ സ്‌കോട്ട് ബോളണ്ടും 3 വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കും 2 വിക്കറ്റെടുത്ത പാറ്റ് കമ്മിന്‍സും ചേര്‍ന്നാണ് ഇന്ത്യന്‍ ഇന്നിങ്സ് 185 റണ്‍സില്‍ ഒതുക്കിയത്.

അതേസമയം ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഓസീസിന്റെ ഓപ്പണര്‍ ഉസ്മാന്‍ ഖവാജയെ (2) മടക്കി ജസ്പ്രീത് ബുംറ ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചു. ഒന്നാം ദിനത്തിലെ അവസാന പന്തിലാണ് ബുംറ വിക്കറ്റെടുത്തത്. ഒരു വിക്കറ്റ് നഷ്ടത്തില്‍ 9 റണ്‍സെന്ന നിലയിലാണ് ഓസീസ്. ഇന്ത്യന്‍ സ്‌കോറിനേക്കാള്‍ 176 റണ്‍സ് പിന്നിലാണ് അവര്‍.കളിതുടങ്ങി അഞ്ചാം ഓവറില്‍ തന്നെ രാഹുലിനെ (4) മടക്കി മിച്ചല്‍ സ്റ്റാര്‍ക്ക് ഇന്ത്യയെ പ്രതിരോധത്തിലാക്കി. സ്‌കോര്‍ 17ല്‍ നില്‍ക്കേ 10 റൺസെടുത്ത ജയ്‌സ്വാളും മടങ്ങി.

പിന്നാലെ ക്രീസില്‍ ഒന്നിച്ച ശുഭ്മാൻ ഗില്ലും വിരാട് കോഹ്ലിയും നിലയുറപ്പിച്ച് മുന്നോട്ടുപോകുന്നതിനിടെ നേഥന്‍ ലയണിനെ കൊണ്ടുവന്ന് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഈ കൂട്ടുകെട്ട് പൊളിച്ചു. 64 പന്തില്‍ നിന്ന് രണ്ടു ബൗണ്ടറിയടക്കം 20 റണ്‍സെടുത്ത ഗില്ലിന് ലയണിനെതിരേ ഷോട്ട് സെലക്ഷന്‍ പിഴയ്ക്കുകയായിരുന്നു. ഗില്‍ പുറത്തായതിനു പിന്നാലെ ഉച്ചഭക്ഷണത്ത‌ിന് പിരിഞ്ഞു.രണ്ടാം സെഷനില്‍ തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് കോഹ്ലിയേയും നഷ്ടമായി.

21 പന്തുകള്‍ കൂടി നേരിട്ട് 69 പന്തില്‍ നിന്ന് 17 റണ്‍സുമായി പതിവുപോലെ ഓഫ്സ്റ്റംപിന് പുറത്തേക്ക് പോയ പന്തിന് ബാറ്റ് വെച്ചാണ് കോഹ്ലി മടങ്ങിയത്. നേരത്തെ നേരിട്ട ആദ്യ പന്തിൽ കോഹ്ലിയെ മാർനസ് ലബുഷെയ്ൻ ക്യാച്ചെടുത്തെങ്കിലും തേർഡ് അംപയർ‌ നോട്ടൗട്ട് വിധിക്കുകയായിരുന്നു. സ്കോട്ട് ബോളണ്ട് എറിഞ്ഞ എട്ടാം ഓവറിലായിരുന്നു സംഭവം. കോഹ്ലിയുടെ ബാറ്റിൽ എഡ്ജായ പന്ത് സെക്കന്‍ഡ് സ്ലിപ് സ്റ്റീവ് സ്മിത്ത് പിടിച്ചെടുക്കാൻ നോക്കിയെങ്കിലും സ്മിത്തിന്റെ കയ്യിൽനിന്ന് ഉയർന്നു പൊങ്ങി. ശേഷം ഫോർത്ത് സ്ലിപ്പായ മാർനസ് ലബുഷെയ്നാണ് പന്ത് പിടിച്ചത്.

പിന്നാലെ ഓസീസ് താരങ്ങൾ ആഘോഷം തുടങ്ങുകയായിരുന്നു. എന്നാൽ‌ തേർഡ് അംപയര്‍ ജോയൽ വിൽസൻ കോഹ്ലി ഔട്ടല്ലെന്നു വിധിക്കുകയായിരുന്നു.

അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ജഡേജ – പന്ത് സഖ്യം നിലയുറപ്പിച്ച 48 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഇന്ത്യ ഭേദപ്പെട്ട നിലയിലെത്തുമെന്ന് തോന്നിച്ചിരുന്നു. പക്ഷേ ബോളണ്ടിന്റെ ഷോര്‍ട്ട് ബോള്‍ കളിക്കാനുള്ള പന്തിന്റെ നീക്കം പിഴച്ചു. ടൈ‌മിങ് തെറ്റിയ പുള്‍ ഷോട്ട് കമ്മിന്‍സിന്റെ കൈയിലൊതുങ്ങി. 98 പന്തുകള്‍ ക്ഷമയോടെ ക്രീസില്‍ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 40 റണ്‍സെടുത്താണ് പന്ത് മടങ്ങിയത്. തൊട്ടടുത്ത പന്തില്‍ ഇന്ത്യയുടെ വിശ്വസ്തന്‍ നിതീഷിനെയും (0) വീഴ്ത്തിയ ബോളണ്ട് ഇന്ത്യയുടെ നില പരുങ്ങലിലാക്കി.

വൈകാതെ ജഡേജയുടെ പ്രതിരോധം സ്റ്റാര്‍ക്ക് പൊളിച്ചു. 95 പന്തില്‍ നിന്ന് 3 ബൗണ്ടറിയടക്കം 26 റണ്‍സെടുത്തായിരുന്നു ജഡേജയുടെ മടക്കം. അവസാന പ്രതീക്ഷയായിരുന്ന സുന്ദറിനും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. 30 പന്തില്‍ നിന്ന് 14 റണ്‍സെടുത്ത താരത്തെ പാറ്റ് കമ്മിന്‍സ് പുറത്താക്കി. പത്താമനായി ഇറങ്ങി 17 പന്തില്‍ ഒരു സിക്സും മൂന്നു ഫോറുമടക്കം 22 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബുംറയാണ് ഇന്ത്യന്‍ സ്‌കോര്‍ 185ല്‍ എത്തിച്ചത്.

നേരത്തേ ടോസ് നേടിയ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു മാറ്റങ്ങളുമായാണ് സിഡ്‌നിയില്‍ ഇന്ത്യ കളിക്കുന്നത്. അഞ്ചാം ടെസ്റ്റില്‍ നിന്ന് സ്വയം പിന്മാറിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും പരിക്കേറ്റ ആകാശ് ദീപിനും പകരം ശുഭ്മാന്‍ ഗില്ലും പ്രസിദ്ധ് കൃഷ്ണയും ടീമിലെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here