പത്തനംതിട്ട : ചിറ്റാർ സ്വദേശി മത്തായിയുടെ മരണത്തിൽ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും. ഇത് സംബന്ധിച്ച് പൊലീസിനു നിയമോപദേശം കിട്ടി. മത്തായിയെ തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെട്ടു എന്ന വകുപ്പും നിലനിൽക്കും. വനം വകുപ്പ് ജീവനക്കാരെയും പ്രതി ചേർക്കും. പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് മത്തായിയെ കസ്റ്റഡയിലെടുത്തതെന്ന് റിപ്പോർട്ടിലുണ്ട്. കസ്റ്റഡിയിലുള്ള ആളിന്റെ സംരക്ഷണം ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
സതേൺ സർക്കിൾ ചീഫ് ഫേറസ്റ്റ് കൺസർവേറ്റർ സഞ്ജയൻ കുമാറാണ് അന്വേഷണം നടത്തിയത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകളെക്കുറിച്ചായിരുന്നു പ്രധാനമായും അന്വേഷണം. മത്തായിയെ കസ്റ്റഡിയിലെടുത്തതും തുടർ നടപടികളും മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. കസ്റ്റഡിയിലെടുത്തതിൽ വീഴ്ചയുണ്ടായി. ഇതിനുശേഷം ഫോറസ്റ്റ് ഓഫീസിൽ കൊണ്ടുപോകാതെ തെളിവെടുപ്പിനു കൊണ്ടുപോയി. മൊഴി രേഖപ്പെടുത്തിയില്ല. കസ്റ്റഡിയിലെടുത്തയാളിനു സംരക്ഷണം നൽകാനോ ആളിന്റെ ജീവൻ രക്ഷിക്കാനോ ഉദ്യോഗസ്ഥർ തയാറായില്ല. വൈദ്യപരിശോധന പോലും നടത്തുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തി എന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം വനംവകുപ്പ് സ്ഥാപിച്ച കാമറയുടെ മെമ്മറി കാർഡ് എടുത്തെന്ന് മത്തായി സമ്മതിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.