പുത്തൂരില്‍ വില്ലേജ് ഓഫീസര്‍ കൈഞരമ്പ് മുറിച്ച സംഭവം: സിപിഎമ്മിനെതിരെ കോൺഗ്രസും ബിജെപിയും

0
106

തൃശൂര്‍: തൃശൂര്‍ പുത്തൂരില്‍ വനിതാ വില്ലേജ് ഓഫീസർ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസും ബിജെപിയും. വിഷയത്തിൽ റവന്യൂ മന്ത്രി ഇടപെടണമെന്നും നടപടിയെടുക്കണമെന്നും ടി എൻ പ്രതാപൻ എംപി ആവശ്യപ്പെട്ടു. പ്രളയകാല തട്ടിപ്പിന് കൂട്ടുനിൽക്കാത്തതിന്‍റെ വൈരാഗ്യം സിപിഎം പ്രവർത്തകർ തീർത്തതാണെന്നും ബിജെപി ആരോപിച്ചു.

ഇന്നലെ വൈകീട്ടാണ് പുത്തൂർ വില്ലേജ് ഓഫീസർ സിനി ഓഫീസിൽ വച്ച് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.വില്ലേജ് ഓഫീസറെ തടഞ്ഞു വച്ചതിനും കൃത്യ നിർവഹണം തടസപ്പെടുത്തിയത്തിനും പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പെടെ എട്ട് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ലൈഫ് മിഷൻ പദ്ധതിക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനാവശ്യമായ വരുമാന സര്‍ട്ടിഫിക്കേറ്റ് പുത്തൂര്‍ വില്ലേജ് ഓഫീസില്‍ നിന്ന് കിട്ടുന്നില്ലെന്ന് ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് മിനി ഉണ്ണികൃഷ്ണന്റെ നേതൃത്ത്വത്തിൽ പ്രതിഷേധം നടക്കുന്നതിനിടെയായിരുന്നു സംഭവം.

തുടർന്ന് നാട്ടുകാരും പൊലീസും ചേർന്നാണ് സിനിയെ ആശുപത്രിയിലെത്തിച്ചത്. തങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് വഴങ്ങാത്തവരെ കൈയ്യേറ്റം ചെയ്യുകയും അപമാനിക്കുകയുമാണ് സിപിഎം ചെയ്യുന്നതെന്ന് ടി എൻ പ്രതാപൻ എം പി പറഞ്ഞു. പ്രളയക്കിറ്റ് തട്ടിപ്പിന് കൂട്ടുനിൽക്കാത്തതിനാലാണ് വില്ലേജ് ഓഫീസറെ മാനസികമായി പീഡിപ്പിച്ചതെന്നാണ് ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ് ആരോപിച്ചത്.

അതേസമയം ആരോപണങ്ങളെ സിപിഎം നിഷേധിച്ചു. യാതൊരുപ്രകോപനവും ഇല്ലാതെയാണ് സിനി ഞരമ്പ് മുറിച്ചതു എന്നാണ് പാർട്ടി നിലപാട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here