ചെന്നൈ: പീത പതാകയില്‍ വാകപ്പൂവുമായി തമിഴിൻ്റെ രാഷ്ട്രീയ മനസിലേക്ക് ഓടി കയറാൻ ഇളയ ദളപതി വിജയ് ഒരുങ്ങുന്നു.തന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിനു ശേഷം പാർട്ടി പതാക പുറത്തിറക്കുകയെന്നനിർണായക നീക്കത്തിനൊരുങ്ങുകയാണ് നടൻ വിജയ്.
തമിഴക വെട്രി കഴകമെന്ന തന്റെ പാർട്ടിയുടെ പതാക താരം ഉടൻ പുറത്തിറക്കുമെന്നാണ് കോടമ്ബക്കത്തില്‍ നിന്നും ലഭിക്കുന്നസൂചന. ഓഗസ്റ്റ് 22ന് പനയൂരില്‍ വച്ച് നടക്കുന്ന പാർട്ടി ഭാരവാഹികളുടെ യോഗത്തിലാണ് പാർട്ടി പതാക പുറത്തിറക്കുക. പതാകയുടെ നിറത്തെ സംബന്ധിച്ചുള്ള സൂചനകളും ചർച്ചയായിട്ടുണ്ട്. പതാകയുടെ നിറം പൂർണമായും മഞ്ഞയായിരിക്കുമെന്നും, ചിഹ്നമായി വാകപ്പൂവ് ഉള്‍പ്പെടുത്തുമെന്നുമാണ് തമിഴ് പത്രങ്ങള്‍പുറത്തുവിട്ടിട്ടുള്ള വാർത്തകളില്‍ പറയുന്നത്.
തമിഴ് ജനതയുടെ പരമ്ബരാഗതമായ വിശ്വാസത്തില്‍ മഞ്ഞ നിറം സമത്വത്തിന്റെ അടയാളമാണ്. വാകപ്പൂവിനെ കാർഷിക സമ്ബല്‍ സമൃദ്ധിയുടെ സൂചകമായും കാണുന്നു. ഈ രണ്ട് ചിഹ്നങ്ങളും പാർട്ടിക്കൊടിയില്‍ വേണമെന്ന് വിജയ് നിർദേശിച്ചുവെന്നാണ് സൂചന. പൗർണമി ദിനം കൂടിയായിരുന്ന കഴിഞ്ഞ തിങ്കളാഴ്ച താരത്തിന്റെ പാർട്ടി ആസ്ഥാനത്ത് മഞ്ഞ നിറത്തിലുള്ള കൊടി ഉയർത്തിയിരുന്നു. തമിഴ്‌നാട്, കേരളം, പുതുച്ചേരി, കർണാടക എന്നിവിടങ്ങളില്‍ നിന്നുള്ള തമിഴക വെട്രി കഴകത്തിന്റെ മുന്നൂറോളം ഭാരവാഹികള്‍ക്ക് ഓഗസ്റ്റ് 22ന് നടക്കുന്ന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. പരിപാടിയിലേക്ക് 100 ഓളം മാധ്യമ പ്രവർത്തകരെയും പാർട്ടി ഭാരവാഹികള്‍ ക്ഷണിച്ചിട്ടുണ്ടെന്ന് പാർട്ടി ജനറല്‍ സെക്രട്ടറി ആനന്ദെന്ന മുനി ശെല്‍വം അറിയിച്ചിട്ടുണ്ട്.
താരത്തിന്റെ പുതിയ ചലച്ചിത്രമായ ‘ഗോട്ടി’ന്റെ റിലീസിന് മുന്നോടിയായി പാർട്ടി പതാക പ്രചാരത്തിലെത്തിക്കാനാണ് നീക്കം. സെപ്റ്റംബർ 5നാണ് വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ‘ഗോട്ട്’ ലോകവ്യാപകമായി റിലീസിനെത്തുന്നത്. ചിത്രത്തിന്റെ ഫ്ലക്സ് ബോർഡുകള്‍ക്കൊപ്പം തന്നെ പുതുതായി പുറത്തിറക്കുന്ന പാർട്ടി പതാക സ്ഥാപിക്കണമെന്ന നിർദേശവും പാർട്ടി ഭാരവാഹികള്‍ നല്‍കിയിട്ടുണ്ട്.
അതേസമയം, തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം സെപ്തംബർ 22ന് വിഴുപുരം ജില്ലയിലെ വിക്രവണ്ടിയില്‍ നടത്താനാണ് തീരുമാനം. സേലം, ട്രിച്ചി, മധുരൈ എന്നീ സ്ഥലങ്ങളില്‍ സമ്മേളനം നടത്താൻ വെട്രി കഴകം ഭാരവാഹികള്‍ ശ്രമിച്ചുവെങ്കിലും അനുമതി ലഭിക്കാതായതോടെ സമ്മേളന വേദിയായി വിക്രവണ്ടി തെരഞ്ഞെടുക്കുകയായിരുന്നുവെന്നാണ് വിവരം.