പാപുവ ന്യൂ ഗിനിയക്കെതിരായ ടി20 ലോകകപ്പ് മല്‍സരത്തില്‍ നാല് ഓവറില്‍ നാലും മെയ്ഡനാക്കി ഫെര്‍ഗൂസണ്‍ അവിശ്വസനീയമായ റെക്കോഡ് സൃഷ്ടിച്ചു.അന്താരാഷ്ട്ര ടി20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സ്പെല്ലാണിത്.
നാല് ഓവറില്‍ ഒരു റണ്‍സ് പോലും വിട്ടുകൊടുക്കാതെ മൂന്ന് വിക്കറ്റ് നേടുന്ന ആദ്യ ബൗളറാണിദ്ദേഹം. ടി20 മാച്ചുകളില്‍ ഒരാള്‍ക്ക് പരമാവധി നാല് ഓവറുകളാണ് ലഭിക്കുകയെന്നിരിക്കെ ഒരു വൈഡോ നോബോളോ പോലുമില്ലാതെ 24 പന്തുകളും നന്നായി ചെയ്താണ് 4-4-0-3 എന്ന മാര്‍ജിനില്‍ അദ്ദേഹം ഞെട്ടിച്ചത്.
ടി20 ലോകകപ്പില്‍ തുടര്‍ച്ചയായ പാപുവ ന്യൂ ഗിനിയുടെ തുടര്‍ച്ചയായ ഏഴാം പരാജയത്തിനും ഈ ബൗളിങ് കാരണമായി. ടി20 ലോകകപ്പുകളില്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ (10) തുടര്‍ച്ചയായി തോറ്റ ബംഗ്ലാദേശിന്റെ റെക്കോഡ് പിന്തുടര്‍ന്ന് രണ്ടാംസ്ഥാനത്താണവര്‍.
സിംബാബ്‌വെക്കും ഒമാനും തുടര്‍ച്ചയായി ആറ് മല്‍സരങ്ങള്‍ തോറ്റ ചരിത്രമുണ്ട്.ലോകകപ്പില്‍ നിന്ന് ഇതിനകം പുറത്തായ ന്യൂസിലന്റിന്റെയും പാപുവ ന്യൂഗിനിയയുടെയും അവസാന ഗ്രൂപ്പ് മല്‍സരമായിരുന്നു ഇത്. മല്‍സരത്തില്‍ ഏഴ് വിക്കറ്റിന് ന്യൂസിലന്റ് വിജയിച്ചു.
ഇതോടെ അവര്‍ക്ക് നാല് പോയിന്റായി. ഗ്രൂപ്പില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ എട്ടിലേക്ക് കടന്നതോടെയാണ് ന്യൂസിലന്റിന്റെ വഴിയടഞ്ഞത്. അഫ്ഗാനിസ്ഥാന്‍ 84 റണ്‍സിന് ന്യൂസിലന്റിനെ തോല്‍പ്പിക്കുകയും ചെയ്തിരുന്നു.