ഘാന; ലോകത്തിലെ ഏറ്റവും അപകടകരമായി കണക്കാക്കുന്ന മാർബർഗ് വൈറസ് ഘാനയിൽ സ്ഥിരീകരിച്ചു. രണ്ട് പേരിലാണ് രോഗം കണ്ടെത്തിയത്. ഇതാദ്യമായാണ് ഘാനയിൽ മാർബർഗ് വൈറസ് റിപ്പോർട്ട് ചെയ്യുന്നത്.
രോഗമുണ്ടെന്ന സംശയിക്കുന്ന രണ്ട് പേരുടെ രക്തസാമ്പിളുകൾ ഈ മാസം ആദ്യം പരിശോധനയ്ക്കായി എടുത്തിരുന്നു. സാമ്പിളുകൾ സെനഗലിലെ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് അയച്ചത്. ഇവിടെ വെച്ച് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ഘാന ഹെൽത്ത് സർവീസ് (ജിഎച്ച്എസ്) അറിയിച്ചു.രോഗികളുമായി സമ്പർക്കം പുലർത്തിയ 98 പേരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചതായും അധികൃതർ പറഞ്ഞു.അതേസമയം ഘാനയിൽ മാർബർഗിന്റെ മറ്റ് കേസുകളൊന്നും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എബോള പോലെ തന്നെ മാരകമായി കണക്കാക്കപ്പെടുന്ന മാർബർഗ് വൈറസിന് പ്രത്യേക ചികിത്സയോ വാക്സിനോ നിലവിൽ ഇല്ല.
നേരത്തേ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയയിൽ മാർബർഗ് സ്ഥിരീകരിച്ചിരുന്നു.ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് അംഗോള, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, കെനിയ, ദക്ഷിണാഫ്രിക്ക, ഉഗാണ്ട എന്നിവിടങ്ങളിൽ മാർബർഗ് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. വവ്വാലുകൾ ഉൾപ്പെടെയുള്ള മൃഗങ്ങളിൽ നിന്നാണ് മാർബർഗ് വൈറസ് പടരുന്നത്.കടുത്ത പനി, പേശീവേദന, രക്തസ്രാവം, മസ്തിഷ്ക ജ്വരം, ഛർജ്ജി തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. മരണ സാധ്യത 24 ശതമാനം മുതൽ 88 ശതമാനം വരെയാണെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നു. ആര്‍ടിപിസിആര്‍, എലീസ ടെസ്റ്റുകള്‍ എന്നിവയണ് രോഗനിർണയത്തിന് പ്രധാനമായും ആശ്രയിക്കുന്നത്.