തൃശൂര്‍: കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. വിയ്യൂര്‍ അതിസുരക്ഷാ ജയില്‍ പരിസരത്തുനിന്നാണ് ഇയാള്‍ ഓടി രക്ഷപ്പെട്ടത്. കൊലപാതകം, മോഷണം ഉൾപ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. തമിഴ്‌നാട് ആലംകുളം സ്വദേശിയാണ് ബാലമുരുകന്‍.
വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. തമിഴ്‌നാട്ടിലെ പെരിയ കോടതിയില്‍ ഹാജരാക്കി തമിഴ്‌നാട് പൊലീസ് തിരികെ ഇയാളെ വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ എത്തിക്കുന്നതിനിടെ ആയിരുന്നു സംഭവം. ബാലമുരുകനെ വാനില്‍ ഇരുത്തിയശേഷം പ്രതിയെ തിരിച്ചെത്തിച്ചിട്ടുണ്ട് എന്നറിയിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ജയിലിനകത്തേക്ക് പോയപ്പോഴായിരുന്നു ബാലമുരുകൻ കടന്നുകളഞ്ഞത്.
വാനില്‍നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ജയില്‍ വളപ്പിലേക്ക് കടന്നിരുന്നതിനാല്‍ ഈ സമയം ഇയാളെ വിലങ്ങ് അണിയിച്ചിരുന്നില്ല. ബാലമുരുകന്റെ പിന്നാലെ പൊലീസും ഓടിയെങ്കിലും ഇയാളെ പിടികൂടാന്‍ കഴിഞ്ഞില്ല.
കേരളത്തിലെയും തമിഴ്നാട്ടിലെയും കൊലപാതകം, മോഷണം ഉൾപ്പെടെ 53 കേസുകളിൽ പ്രതിയാണ് ഇയാൾ. 2023 സെപ്റ്റംബർ 24 മുതൽ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലായിരുന്നു ഇയാൾ. പൊലീസിനെ ആക്രമിച്ച് നേരെത്തെയും ജയിൽ ചാടിയിട്ടുണ്ട്. അതിനാല്‍ത്തന്നെ പൊലീസ് ബാലമുരുകന്റെ രക്ഷപ്പെടലിനെ അതീവഗൗരവത്തോടെയാണ് കാണുന്നത്. വെള്ളിയാഴ്ച രാത്രി മുതല്‍ തൃശൂര്‍ നഗരത്തില്‍ വ്യാപക തിരച്ചില്‍ നടത്തുന്നുണ്ട്.