IPL 2024 : കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫൈനലില്‍.

0
41

കൊല്‍ക്കത്തയുടെ നാലാമത്തെ ഫൈനലാണിത്. 38 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് 160 റണ്‍സ് വിജയലക്ഷ്യം കെകെആര്‍ അടിച്ചെടുത്തത്. ബാറ്റിംഗിലും ബൗളിംഗിലും കൊല്‍ക്കത്തയുടെ കംപ്ലീറ്റ് ഷോയായിരുന്നു അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ കണ്ടത്.

ചേസിംഗില്‍ അവരുടെ സ്റ്റാര്‍ സാള്‍ട്ട് ഇല്ലാത്തതിന്റെ യാതൊരു പ്രശ്‌നവും അവര്‍ക്കില്ലായിരുന്നു. റഹ്‌മാനുള്ള ഗുര്‍ബാസ്(14 പന്തില്‍ 23) സുനില്‍ നരെയ്ന്‍ (21) എന്നിവര്‍ ചേര്‍ന്ന് 3.2 ഓവറില്‍ 44 റണ്‍സടിച്ചതോടെ കെകെആര്‍ ജയം ഉറപ്പിച്ചിരുന്നു. രണ്ട് വീതം സിക്‌സറും ബൗണ്ടറിയുമാണ് ഗുര്‍ബാസ് അടിച്ചത്. നരെയ്ന്‍ നാല് ബൗണ്ടറിയടിച്ചു.

അതേസമയം 67 റണ്‍സിന് ഓപ്പണര്‍മാരെ നഷ്ടപ്പെട്ടെങ്കിലും കെകെആര്‍ പതറിയില്ല. വെങ്കിടേഷ് അയ്യര്‍(51*) ശ്രേയസ് അയ്യര്‍(58*) എന്നിവര്‍ ചേര്‍ന്ന് വമ്പന്‍ കൂട്ടുകെട്ടുണ്ടാക്കി അതിവേഗം ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. 13.4 ഓവറിലാണ് ടീം വിജയം നേടിയത്. ഇരുവരും ചേര്‍ന്ന് ഹൈദരാബാദിന്റെ ബൗളര്‍മാരെ അടിച്ചുപറത്തുകയായിരുന്നു. 28 പന്തിലാണ് വെങ്കിടേഷ് 51 റണ്‍സടിച്ചത്.

നാല് സിക്‌സറും അഞ്ച് ബൗണ്ടറിയും താരം പറത്തി. ശ്രേയസ് കുറച്ച് കൂടി അഗ്രസീവായിരുന്നു. 24 പന്തിലാണ് 58 റണ്‍സടിച്ചത്. നാല് സിക്‌സറും അഞ്ച് ബൗണ്ടറിയും തന്നെ താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. അതേസമയം ഹൈദരാബാദിന്റെ മിസ് ഫീല്‍ഡും, ക്യാച്ചുകള്‍ കൈവിട്ടതുമെല്ലാം തോല്‍വിക്ക് പ്രധാന കാരണമാവുകയായിരുന്നു. രണ്ട് തവണയാണ് ശ്രേയസിനെ അവര്‍ കൈവിട്ടത്. പാറ്റ് കമ്മിന്‍സും, നടരാജനും ഹൈദരാബാദ് നിരയില്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി

നേരത്തെ ടോസ് നേടിയ അഹമ്മദാബാദിലെ പിച്ചില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദിനെ കൊല്‍ക്കത്ത പിടിച്ചുകെട്ടുകയായിരുന്നു. വമ്പന്‍ ബാറ്റിംഗ് നിര അടങ്ങിയ ഹൈദരാബാദിന് മത്സരത്തിന്റെ ഒരു ഘട്ടത്തിലും മികവ് പുലര്‍ത്താനായില്ല.

അത്രയ്ക്ക് കടുപ്പമേറിയ ബൗളിംഗാണ് ടീം കാഴ്ച്ച വെച്ചത്. ഹൈദരാബാദിന്റെ വമ്പന്‍ അടിക്കാരനായ ട്രാവിസ് ഹെഡിനെ നേരിട്ട രണ്ടാം പന്തില്‍ തന്നെ സ്റ്റാര്‍ക്ക് ക്ലീന്‍ ബൗള്‍ഡാക്കി. ഹെഡ് പൂജ്യത്തിന് മടങ്ങിയതോടെ തന്നെ മത്സരത്തില്‍ കെകെആര്‍ ആധിപത്യം ഉറപ്പിച്ചിരുന്നു.

അഭിഷേക് ശര്‍മ(3) നിതീഷ് കുമാര്‍ റെഡ്ഡി(9) ഷഹബാസ് അഹമ്മദ്(0) എന്നിവരെല്ലാം അതിവേഗം മടങ്ങിയതോടെ നാലിന് 39 എന്ന നിലയിലായിരുന്നു അഞ്ച് ഓവര്‍ കഴിഞ്ഞപ്പോള്‍ ഹൈദരാബാദ്, പിന്നീട് മാത്രമാണ് ടീമിന് നല്ലൊരു കൂട്ടുകെട്ട് ഉണ്ടാക്കാനായത്. രാഹുല്‍ ത്രിപാഠി(55) ഹെയ്ന്റിച്ച് ക്ലാസന്‍(32) എന്നിവര്‍ ചേര്‍ന്ന് 62 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.

ത്രിപാഠി 35 പന്തില്‍ ഏഴ് ബൗണ്ടറിയും ഒരു സിക്‌സറും ചേര്‍ത്താണ് 55 റണ്‍സെടുത്തത്. ക്ലാസന്റെ ഇന്നിംഗ്‌സില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറുമുണ്ടായിരുന്നു. 21 പന്തിലാണ് ക്ലാസന്‍ 32 റണ്‍സടിച്ചത്. അബ്ദുള്‍ സമദ്(16) പാറ്റ് കമ്മിന്‍സ്(30) എന്നിവരും ഹൈദരാബാദ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തി. സന്‍വീര്‍ സിംഗ്(0) ഭുവനേശ്വര്‍ കുമാര്‍(0) എന്നിവരെല്ലാം നിരാശപ്പെടുത്തി.

കെകെആറില്‍ മൂന്ന് വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കാണ് ഹൈദരാബാദിനെ തകര്‍ത്തത്. വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റെടുത്തു. വൈഭവ് അറോറ, ഹര്‍ഷിത് റാണ, സുനില്‍ നരെയ്ന്‍, ആന്ദ്രേ റസ്സല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here