ഐപിഎല്ലില്‍ അഞ്ചു തവണ ചാംപ്യന്‍മാരായി റെക്കോര്‍ഡിട്ട മുംബൈ ഇന്ത്യന്‍സിനെ വഴി കാണിക്കാന്‍ സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ മാര്‍ക്ക് ബൗച്ചര്‍ വരുന്നു. ടീമിന്റെ പുതിയ മുഖ്യ കോച്ചായി അദ്ദേഹത്തെ നിയമിച്ചിരിക്കുകയാണ്. ശ്രീലങ്കയുടെ മുന്‍ ഇതിഹാസം മഹേല ജയവര്‍ധനെയ്ക്കു പകരമാണ് ബൗച്ചര്‍ സ്ഥാനമേറ്റെടുത്തിരിക്കുന്നത്.
മുംബൈ ഫ്രാഞ്ചൈസിയില്‍ കൂടുതല്‍ വിപുലമായ റോളിലേക്കു ജയവര്‍ധനെ മാറിയതോടെയാണ് പുതിയ കോച്ചിനെ തിരയേണ്ടി വന്നത്. സൗത്താഫ്രിക്കന്‍ ടീമിന്റെ മുഖ്യ കോച്ചായി വിലസുകയായിരുന്ന ബൗച്ചറെ വന്‍ തുക ഓഫര്‍ ചെയ്ത് മുംബൈ അവിടെ നിന്നും ‘ചാടിക്കുകയായിരുന്നു’.