IPL2024 : മുംബൈ ഇന്ത്യൻസിനെ തകർത്തെറിഞ്ഞ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്.

0
61

ഇന്ത്യൻ പ്രീമിയർ ലീഗിൽ അഞ്ച് വട്ടം ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ തകർത്തെറിഞ്ഞ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. 24 റൺസിനായിരുന്നു അവരുടെ തകർപ്പൻ ജയം. തോൽവിയോടെ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് കാണാതെ പുറത്തായി. കൊൽക്കത്തയ്ക്ക് വേണ്ടി സ്‌റ്റാർക്ക് നാല് വിക്കറ്റ് വീഴ്ത്തി. സൂര്യകുമാർ യാദവ് ഫിഫ്റ്റി അടിച്ചെങ്കിലും ജയത്തിലേക്ക് നയിക്കാൻ കഴിഞ്ഞില്ല.

170 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ ഇന്ത്യൻസിന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു. മുൻ നായകൻ രോഹിത് ശർമ്മയും മറ്റൊരു ഓപ്പണറായ ഇഷാൻ കിഷാനും വലിയ ഇന്നിംഗ്‌സ് കളിക്കാതെ വന്നതോടെ ടീം തിരിച്ചടിയിലായി. കിഷാനും ഏഴ് പന്തിൽ 13 റൺസ് നേടിയപ്പോൾ രോഹിത് ശർമ്മ ഒരിക്കൽക്കൂടി നിരാശപ്പെടുത്തി.

ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യൻ നായകൻറെ മോശം ഫോം തുടരുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. മൂന്നാമനായി ക്രീസിൽ എത്തിയ നമൻ ധീറും മോശം പ്രകടനമാണ് കാഴ്‌ചവച്ചത്. പിന്നാലെ നാലാം നമ്പറിൽ സൂര്യകുമാർ യാദവ് അർധ സെഞ്ച്വറിയുമായി തിളങ്ങിയെങ്കിലും പക്ഷേ അത് ജയത്തിന് പര്യാപ്‌തമായിരുന്നില്ല. സൂര്യകുമാർ യാദവ് 35 പന്തിൽ 56 പന്തിൽ റൺസാണ് നേടിയത്.

തിലക് വർമ്മയും ഹർദിക് പാണ്ഡ്യയും നിരാശപ്പെടുത്തി. പതിനൊന്ന് പന്തിൽ ആറ് റൺസാണ് നേടിയത്. ടിം ഡേവിഡ് അവസാന നിമിഷം വരെ പൊരുതിയെങ്കിലും ജയം അകന്നു നിന്നു. ഒടുവിൽ ഡേവിഡും വീണതോട് മത്സരം കൊൽക്കത്തയുടെ വരുതിയിലായി. അതേസമയം, മുംബൈക്ക് മുൻപിൽ 170 റൺസ് വിജയലക്ഷ്യമാണ് അവർ ഒരുക്കിയത്.

ടോസ് നേടിയ മുംബൈ കൊൽക്കത്തയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എന്നാൽ ശ്രേയസ് അയ്യർക്കും കൂട്ടർക്കും വിചാരിച്ച നിലയിലേക്ക് ഉയരാൻ കഴിഞ്ഞില്ല. പതിവായി തിളങ്ങുന്ന സുനിൽ നരേൻ വേഗം കളം വിട്ടതോടെ തന്നെ കെകെആർ ആകെ വിറച്ചിരുന്നു.

ഓപ്പണറായി ഇറങ്ങിയ നരേൻ 8 പന്തിൽ 8 റൺസുമായാണ് മടങ്ങിയത്. നിലയുറപ്പിക്കും മുൻപേ താരത്തിന്റെ വിക്കറ്റ് വീഴ്ത്തിയത് മുംബൈ നായകൻ ഹർദിക് പാണ്ഡ്യയാണ്. മറ്റൊരു ഓപ്പണറായ ഫിൽ സാൾട്ടിനും മുംബൈ ബൗളിങ് നിരയെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല.

കൊൽക്കത്തയ്ക്ക് വേണ്ടി വെങ്കിടേഷ് അയ്യറും മനീഷ് പാണ്ഡെയുമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. വെങ്കിടേഷ് അയ്യർ അർധ സെഞ്ച്വറി നേടിയതാണ് കൊൽക്കത്തയ്ക്ക് ആശ്വസിക്കാൻ വക നൽകിയ ഏക കാര്യം. താരവും മനീഷ് പാണ്ഡേയും ചേർന്നാണ് കെകെആർ ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ട് പോയത്. നായകൻ ശ്രേയസ് അയ്യർ ഇത്തവണയും നിരാശപ്പെടുത്തി.

മൂന്നാമനായി ഇറങ്ങിയ രാഘവംശി ഫോമിൽ എത്തിയെന്ന് തോന്നിപ്പിച്ച ശേഷമാണ് പെട്ടെന്ന് മടങ്ങിയത്. താരം ആറ് പന്തുകളിൽ 13 റൺസാണ് നേടിയത്. ശ്രേയസ് അയ്യർക്ക് പിടിച്ചുനിൽക്കാൻ പോലും കഴിഞ്ഞില്ല. നാല് പന്തിൽ വെറും ആറ് റൺസ് നേടിയാണ് കൊൽക്കത്ത നായകൻ പവലിയനിലേക്ക് മടങ്ങിയത്. ഇതിന് ശേഷമാണ് മനീഷ് പാണ്ഡെയും വെങ്കിടേഷ് അയ്യറും ഒത്തുചേർന്നത്.

വെങ്കിടേഷ് അയ്യർ തന്നെയാണ് കൊൽക്കത്തയ്ക്ക് ജീവശ്വാസം നൽകിയത്. ഒരു ഘട്ടത്തിൽ 150 പോലും കടക്കില്ലെന്ന് തോന്നിച്ച ഇടത്ത് നിന്നാണ് പൊരുതാവുന്ന സ്കോറിലേക്ക് ടീമിനെ താരവും മനീഷ് പാണ്ഡെയും ചേർന്ന് എത്തിയത്. വെങ്കിടേഷ് അയ്യർ 52 പന്തിൽ 70 റൺസാണ് നേടിയത്.മറുവശത്ത് മനീഷ് പാണ്ഡെ ആവട്ടെ 31 പന്തിൽ 42 റൺസും നേടി.

വാലറ്റത്ത് അത്ഭുതം തീർക്കുമെന്ന തോന്നൽ ഉണ്ടാക്കിയ ആന്ദ്രേ റസൽ പക്ഷേ റൺ ഔട്ട് കെണിയിൽ വീണതോടെ ആ പ്രതീക്ഷയും അസ്‌തമിച്ചു. ഒരു പന്തിൽ സിക്‌സർ അടിച്ച ശേഷമാണ് റസൽ വീണത്. അവസാനം ഇറങ്ങിയ മിച്ചൽ സ്‌റ്റാർക്കും വൈഭവും കൂടി വീണതോടെ കൊൽക്കത്തയുടെ പതനം പൂർണമായി.

മുംബൈ ബൗളിങ് നിരയിൽ ബുമ്ര തന്നെയാണ് തിളങ്ങിയത്. 3.5 ഓവർ എറിഞ്ഞ താരം വെറും 18 റൺസുമാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളാണ്‌ വീഴ്ത്തിയത്. നുവാൻ തുഷാരയും മൂന്ന് വിക്കറ്റ് വീഴ്ത്തി കൊൽക്കത്തയെ വെള്ളം കുടിപ്പിച്ചു. നായകൻ ഹർദിക് പാണ്ഡ്യ രണ്ടും പിയുഷ് ചൗള ഒന്നും വിക്കറ്റ് വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here