കൃഷി വകുപ്പ് സംസ്ഥാന ഹോർട്ടിക്കള്‍ച്ചർ മിഷൻ മുഖേന കൂണ്‍ കൃഷി പ്രാത്സാഹിപ്പിക്കുന്നതിയി ഉല്‍പ്പാദനം, സംസ്‌കരണം, മൂല്യവർദ്ധനവ്, വിപണനം എന്നീ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കി നടപ്പിലാക്കുന്ന കൂണ്‍ ഗ്രാമം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ജൂണ്‍ 28നു വൈകിട്ട് മൂന്നിന് കൊല്ലം ഏരൂരിലെ ഓയില്‍ പാം ഇൻഡ്യാ ലിമിറ്റ്ഡ്, പാം വ്യൂ കണ്‍വെൻഷൻ സെന്ററില്‍ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് നിർവഹിക്കും. പി.എസ്. സുപാല്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. കൂണ്‍ കൃഷിയില്‍ മാതൃകാപരമായ നേട്ടങ്ങള്‍ കൈവരിച്ച സംസ്ഥാനത്തെ മികച്ച കർഷകരെ മൃഗ സംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ചടങ്ങില്‍ ആദരിക്കും.
കാർഷികമേഖലയില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും ഉള്‍പ്പെടെ സർക്കാർ സഹായത്തോടെ സംസ്ഥാന വ്യാപകമായി 100 കൂണ്‍ ഗ്രാമങ്ങള്‍ സ്ഥാപിക്കുവാനാണ് ലക്ഷ്യമിടുന്നത്. 100 ചെറുകിട കൂണ്‍ ഉത്പാദന യൂണിറ്റുകള്‍ക്ക് പുറമേ 2 വൻകിട കൂണ്‍ ഉല്‍പ്പാദന യൂണിറ്റും, 1 കൂണ്‍ വിത്തുത്പാദന യൂണിറ്റ്, 3 കൂണ്‍ സംസ്‌കരണ യൂണിറ്റ്, 2 പാക്ക് ഹൗസ്, 10 കമ്ബോസ്റ്റിംഗ് യൂണിറ്റ് എന്നിവ ചേർന്നതാണ് ഒരു സമഗ്ര കൂണ്‍ ഗ്രാമം. പദ്ധതിയുടെ വിവിധ ഘട്ടങ്ങളില്‍ കർഷകർക്കായി സമഗ്രമായ പരിശീലന പരിപാടികളും നടപ്പിലാക്കും.
ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് കാർഷിക സെമിനാറുകളും, കാർഷിക പ്രദർശന വിപണന മേളയും സംഘടിപ്പിക്കുന്നു. ജനപ്രതിനിധികളും, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുക്കും.