ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചംപായ് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

0
54

ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചംപായ് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 24 മണിക്കൂറിലധികം നീണ്ട നാടകീയ നീക്കങ്ങള്‍ക്ക് ഒടുവിലാണ് ഇന്നലെ അർധരാത്രിയോടെ ചംപായ് സോറനെ ഗവര്‍ണര്‍ സർക്കാരുണ്ടാക്കാനായി ക്ഷണിച്ചത്. പത്ത് ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്ന് സോറന് ഗവർണർ സി പി രാധാകൃഷ്ണൻ നിർദേശം നൽകി. സര്‍ക്കാരുണ്ടാക്കാന്‍ ഭൂരിപക്ഷമുണ്ടെന്നറിയിച്ച് ഒരു ദിവസത്തിന് ശേഷമാണ് ഗവര്‍ണറുടെ ക്ഷണമുണ്ടാകുന്നത്. സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ അനുമതി നല്‍കാൻ വൈകുന്നതിനെതുടര്‍ന്ന് ജാർഖണ്ഡിൽ നാടകീയ നീക്കങ്ങളാണ് ഉണ്ടായത്. ഏറെ നേരം നീണ്ട അനിശ്ചിതത്വത്തിന് പിന്നാലെ ഇന്നലെ രാത്രി എട്ടരയോടെ രണ്ട് വിമാനങ്ങളിലായി 43 എംഎൽഎമാര്‍ ഹൈദരാബാദിലേക്ക് പുറപ്പെടുന്നതിനായി റാഞ്ചി വിമാനത്താവളത്തില്‍ എത്തിയെങ്കിലും പോകാനായില്ല.

എംഎല്‍എമാര്‍ വിമാനത്തിനുള്ളില്‍ കയറിയെങ്കിലും മോശം കാലാവസ്ഥയെതുടര്‍ന്ന് വിമാനത്താവളത്തില്‍നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. ഇതോടെ വീണ്ടും അപ്രതീക്ഷിത സംഭവങ്ങളാണ് വിമാനത്താവളത്തില്‍ അരങ്ങേറിയത്. വിമാനത്തിനുള്ളില്‍ കയറി വീഡിയോ അടക്കം എംഎല്‍മാര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. വിമാന സര്‍വീസ് റദ്ദാക്കിയതിന് പിന്നാലെ എംഎല്‍എമാര്‍ വിമാനത്താവളത്തിന് പുറത്തേക്ക് വന്നു. കാലാവസ്ഥ അനുകൂലമായാല്‍ ഹൈദരാബാദിലേക്ക് പോകുമെന്നും നേതാക്കള്‍ വ്യക്തമാക്കി. അട്ടിമറി നീക്കത്തിന് സാധ്യതയുണ്ടെന്നാരോപിച്ചാണ് വൈകിട്ടോടെ ചംപായ് സോറനും എംഎല്‍എമാരും റാഞ്ചി വിമാനത്താവളത്തിലെത്തിയത്.

ബസിലും ടെംപോ ട്രാവലറിലുമായാണ് നേതാക്കള്‍ റാഞ്ചി വിമാനത്താവളത്തിലെത്തിയത്. എന്തും സംഭവിക്കാവുന്ന സാഹചര്യമാണുള്ളതെന്ന് ജെഎംഎം എംഎല്‍മാര്‍ പ്രതികരിച്ചത്. ബിജെപി എന്തും ചെയ്യാന്‍ മടിക്കില്ലെന്നും അത് എല്ലാവര്‍ക്കും അറിയാമെന്നും ജാർഖണ്ഡ് പിസിസി അധ്യക്ഷൻ രാജേഷ് താക്കൂര്‍ പറഞ്ഞു. അതേസമയം, ചംപായ് സോറനെ മുഖ്യമന്ത്രിയാക്കുന്നതിലും പാര്‍ട്ടിക്കകത്ത് സമവായമില്ലെന്ന് ബിജെപി ആരോപിച്ചു. ബസന്ത് സോറനെ മുഖ്യമന്ത്രിയാക്കാനും ഒരു വിഭാഗം എംഎല്‍എമാര്‍ ആവശ്യപ്പെട്ടെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.

ഓപ്പറേഷന്‍ താമര നീക്കത്തിലൂടെ ബിജെപി എംഎല്‍എമാരെ അവരുടെ പാളയത്തിലെത്തിച്ച് അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുമെന്നാണ് ജെഎംഎം നേതാക്കളുടെ ആരോപണം. സർക്കാർ രൂപീകരിക്കാൻ ഉടൻ അനുമതി നല്‍കാൻ ഗവർണറോട് ആവശ്യപ്പെട്ടെന്ന് ചംപായ് സോറൻ വിമാനത്താവളത്തിലും പ്രതികരിച്ചിരുന്നു. ഇഡി അറസ്റ്റിലായ ഹേമന്ത് സോറൻ രാജിവച്ചതിന് പിന്നാലൊണ് മുതിർന്ന ജെഎംഎം നേതാവായ ചംപായ് സോറനെ മുഖ്യമന്ത്രിയാക്കാൻ മഹാസഖ്യം തീരുമാനിച്ചത്.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി കസ്റ്റഡിയിലെടുത്ത ജെഎംഎം നേതാവ് ഹേമന്ത് സോറൻ കഴിഞ്ഞദിവസം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. ഹേമന്ത് സോറന്റെ രാജിയ്ക്ക് പിന്നാലെ സംസ്ഥാന ഗതാഗത മന്ത്രി ചംപായ് സോറന്റെ നേതൃത്വത്തിലുള്ള 48 എം എൽ എമാർ ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here