ജീവിതത്തിൽ ആദ്യവോട്ട് 69ാമത്തെ വയസ്സിൽ ചെയ്യുന്നതിന്റെ ത്രില്ലിലാണ് നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ വേങ്ങേരി വീട്ടിൽ മനോജ്. ജോലി ആവശ്യത്തിനായി ദീർഘകാലം പ്രവാസത്തിലായിരുന്ന ഇദ്ദേഹത്തിന് മൂന്നു മാസം മുമ്പാണ് വോട്ടർ ഐഡി കാർഡ് കൈയിൽ കിട്ടിയത്.
പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിലെ പഠനത്തിനുശേഷം നേവിയിൽ ചേർന്ന ഇദ്ദേഹം പിന്നീട് സകുടുംബം ൾഫിലായിരുന്നു. അതിനാൽ തെരഞ്ഞെടുപ്പു സമയങ്ങളിൽ നാട്ടിലുണ്ടായതേയില്ല.
കഴിഞ്ഞവർഷമാണ് പ്രവാസജീവിതം മതിയാക്കി നാട്ടിലെത്തിയത്. ഇക്കുറി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കന്നിവോട്ടിന് കളമൊരുങ്ങി. വർഷങ്ങൾനീണ്ട പ്രവാസജീവിതം തന്റെ രാഷ്ട്രീയ വീക്ഷണങ്ങളെല്ലാം അടിമുടി പൊളിച്ചുപണിതു എന്നും ഇദ്ദേഹം പറയുന്നു.
ഭാര്യ മങ്കത്തിൽ ആനന്ദവല്ലി യോഗ ട്രെയിനറാണ്. മക്കളായ മനേഷ് മനോജും അഡ്വ. മമിത ജിജേഷും വിവാഹിതർ.