പോര്‍ട്ട് ലൂയിസ്: മൗറീഷ്യസില്‍ ഉത്സവത്തിന്റെ ഭാഗമായി നടന്ന ചടങ്ങിനിടെയുണ്ടായ തീപ്പിടിത്തതില്‍ ആറ് തീര്‍ത്ഥാടകര്‍ മരിച്ചു. ഞായറാഴ്ചയാണ് അപകടം റിപ്പോർട്ട് ചെയ്തത്. ഉത്സവത്തിന്റെ ഭാഗമായി ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങള്‍ സ്ഥാപിച്ചിരുന്ന തടിയിലും മുളയിലും തീര്‍ത്ത വാഹനം വൈദ്യുതി കടന്നുപോകുന്ന വയറില്‍ തട്ടുകയായിരുന്നുവെന്ന് പോലീസ് കമ്മിഷണര്‍ അനില്‍ കുമാര്‍ ദിപ് അറിയിച്ചു. അപകടത്തില്‍ ആറുപേര്‍ മരിക്കുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ദേശീയ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. പരിക്കേറ്റ ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്.
മാര്‍ച്ച് എട്ടിന് നടക്കുന്ന ശിവരാത്രി ഉത്സവത്തിന് മുന്നോടിയായി നടന്ന ചടങ്ങിനിടെയാണ് അപകടമുണ്ടായത്. ചടങ്ങിനോട് അനുബന്ധിച്ച് ഇവിടുത്തെ ഹിന്ദു സമൂഹം പവിത്രമായി കരുതുന്ന ഗ്രാന്‍ഡ് ബേസിന്‍ തടാകത്തിന് സമീപത്തേക്ക് കാല്‍നടയായി യാത്ര ചെയ്യുകയായിരുന്നു തീര്‍ത്ഥാടകര്‍.