തിരുവനന്തപുരം• ‘നിശാഗന്ധി’യിൽ തടിച്ചു കൂടിയ നൂറുകണക്കിന് സിനിമാ പ്രേമികളെ സാക്ഷിയാക്കി നിറകണ്ണുകളോടെ മികച്ച നടനുള്ള പുരസ്കാരം ബിജു മേനോന് ഒപ്പം പങ്കിട്ട ജോജു ജോർജ് പറഞ്ഞു: ‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണ് ഇത്. എളിയ രീതിയിൽ ആരംഭിച്ച യാത്ര ഈ നിലയിൽ ഇവിടം വരെ എത്തിക്കാനായി. നൂറിലേറെ ചിത്രങ്ങളിൽ ഇതുവരെ അഭിനയിക്കാനായി. അതിന് ഒരുപാടു പേരുടെ സഹായം ഉണ്ടായിട്ടുണ്ട്. എല്ലാവരോടും നന്ദി പറയുകയാണ്.
ഓരോ സിനിമയും ഓരോ പാഠമായിരുന്നു. എന്തു ചെയ്യണമെന്നും എന്തു ചെയ്യരുതെന്നും എങ്ങനെ തിരുത്തണമെന്നുമൊക്കെ പഠിപ്പിച്ചത് ഗുരുക്കന്മാരും സംവിധായകരുമാണ്. ജീവിതത്തിൽ ഇതിലും വലിയ നേട്ടം നേടാനാകുമോ എന്നറിയില്ല.’ കണ്ണു നിറഞ്ഞ് പ്രസംഗം അവസാനിപ്പിക്കാനാകാതെയാണ് ജോജു വേദിയിൽ നിന്നിറങ്ങിയത്. പ്രസംഗത്തിനായി അവാർഡ് ശിൽപവുമായാണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട രേവതി എത്തിയത്. അവാർഡ് ശിൽപം കസേരയിൽ വച്ചിട്ട് വരാമായിരുന്നു.
പക്ഷേ അതിനു സാധിക്കുന്നില്ല. ഈ പുരസ്കാരം കയ്യിലെത്തിച്ചേരാൻ നാൽപതോളം വർഷം എടുത്തു. പുരസ്കാരം എനിക്കു തന്നെ സമർപ്പിക്കുകയാണ്.’ രേവതി പറഞ്ഞു. പുരസ്കാരം മികച്ച സിനിമകൾക്കുള്ള പ്രചോദനമാണെന്ന് മികച്ച സംവിധായകനുള്ള അവാർഡ് നേടിയ ദിലീഷ് പോത്തൻ പറഞ്ഞു. മികച്ച സ്വഭാവ നടനുള്ള പുരസ്കാരം മൂറും നടിക്കുള്ള പുരസ്കാരം ഉണ്ണിമായ പ്രസാദും തിരക്കഥയ്ക്കുള്ള പുരസ്കാരം ഷെറി ഗോവിന്ദനും ഏറ്റുവാങ്ങി.