കെഎസ്ആർടിസിയെ നേരെയാക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. കെഎസ്ആർടിസിയെ വിരൽത്തുമ്പിലാക്കുന്ന സോഫ്റ്റ്‌വെയർ കൊണ്ടുവരും. ആർസി ബുക്ക് പേപ്പർ ക്ഷാമം പരിഹരിക്കാൻ നടപടി തുടങ്ങി. ഡ്രൈവിംഗ് ടെസ്റ്റ് വ്യവസ്ഥകൾ കർശനമാക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു. മാതൃഭൂമി അക്ഷരോത്സവത്തിൽ 24 ന്യൂസ് ചീഫ് എഡിറ്ററും ഫ്ളവേഴ്സ് ചെയർമാനുമായ ആർ ശ്രീകണ്ഠൻ നായരുമായി നടത്തിയ സംഭാഷണത്തിലാണ് കെ.ബി ഗണേഷ് കുമാർ ഇക്കാര്യം വ്യക്തമാക്കിയത്.
രണ്ടര വർഷത്തിനുള്ളിൽ കെഎസ്ആർടിസിയെ ഒരു പരിധി വരെ നേരെയാകും. താനായി കാക്കാൻ പോകില്ല. 10 ശതമാനം ജീവനക്കാർ പ്രശ്നക്കാരാണ്. ബാക്കിയുള്ള 90 ശതമാനവും കഠിനാധ്വാനികൾ. കഷ്ടപ്പെട്ട് ജോലി ചെയ്ത് പണം കൊണ്ട് കൊടുത്തിട്ടും ധൂർത്തടിക്കുന്നതാണ് തൊഴിലാളികളെ അലട്ടുന്ന വലിയ പ്രശ്നം. അത് പരിഹരിച്ചാൽ കെഎസ്ആർടിസി നന്നാകുമെന്നും കെ.ബി ഗണേഷ്കുമാർ പറഞ്ഞു. KSRTC യെ വിരൽത്തുമ്പിലാക്കുന്ന സോഫ്റ്റ്‌വെയർ കൊണ്ടുവരും. ഇതിന് മുഖ്യമന്ത്രിയിൽ നിന്ന് അനുമതി വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇലക്ട്രിക് ബസ് വിവാദത്തിലും അദ്ദേഹം മറുപടി നൽകി. ചില മാധ്യമങ്ങൾ താൻ പറഞ്ഞത് മറ്റൊരു തരത്തിൽ വളച്ചൊടിച്ചു. ഇലക്ട്രിക് ബസ്സുകൾ സമ്പൂർണമായി ഇത് വരെയും എവിടെയും വിജയിച്ചിട്ടില്ല. അതാണ് ചൂണ്ടി കാണിക്കാൻ ശ്രമിച്ചതെന്നും ആർ ശ്രീകണ്ഠൻ നായരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു. റോബിൻ ബസ് ചെയ്യുന്നത് ശരിയാണെന്ന് ഹൈക്കോടതി പറഞ്ഞാൽ അംഗീകരിക്കും. കോൺട്രാക്റ്റ് ക്യാരിയേജിനു ബോർഡ് വെച്ചു ഓടാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.
ഡ്രൈവിംഗ് ടെസ്റ്റ് വ്യവസ്ഥകൾ കർശനമാക്കുമെന്ന തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല. എന്ത് എതിർപ്പുണ്ടായാലും ലൈസൻസ് പരിഷ്കാരം നടപ്പാക്കും. പാർക്കിംഗ് ടെസ്റ്റുകളുടെ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയും ഉണ്ടാകില്ല. കേരളത്തിൽ ഡ്രൈവിംഗ് അച്ചടക്കം കുറവാണ്. ആദ്യം വന്ന ആൾ ആദ്യം പോട്ടെ എന്ന മാന്യത നമുക്കില്ല. ദേശീയപാത വരുന്നതോടെ അപകടങ്ങളുടെ എണ്ണം കുറയുമെന്നും മന്ത്രി. പണമില്ലാത്തത് മാത്രമല്ല ഡ്രൈവിംഗ് ലൈസൻസ് വിതരണ പ്രതിസന്ധിക്ക് കാരണം. ചില സാങ്കേതിക പ്രശ്നങ്ങളുമുണ്ട്. വടക്കേ ഇന്ത്യൻ ലോബി അകാരണമായി കോടതികളെ സമീപിക്കുന്നു. സുപ്രീം കോടതിയുടെ പരിഗണയിൽ വരെ ഒരു കമ്പനിക്കാർ വിഷയം എത്തിച്ചു. പ്രശ്നം പരിഹരിക്കാൻ അടിയന്തരമായ നീക്കം നടത്തുന്നുണ്ടെന്നും കെ.ബി ഗണേഷ് കുമാർ.
പേഴ്സണൽ സ്റ്റാഫ് വിവാദത്തിലും അദ്ദേഹം പ്രതികരണം നടത്തി. പേഴ്സണൽ സ്റ്റാഫുകളെ കുറയ്ക്കും എന്ന് താൻ എവിടെയും പറഞ്ഞിട്ടില്ല. മാധ്യമങ്ങൾ ആണ് ഇത് പറഞ്ഞുണ്ടാക്കിയത്. നിയമിച്ചതിൽ പകുതിയിൽ അധികം ആളുകളും സർക്കാർ സർവീസിൽ ഉള്ളവരാണ്. അതിനാൽ സർക്കാരിന് നഷ്ടം ഉണ്ടാകില്ല. കയറും മുൻപ് മന്ത്രി സ്ഥാനത്തു ചിലർ ഇറക്കാൻ ശ്രമിക്കുന്നു. അത് ചിലരുടെ അസൂയ മാത്രമാണ്. താൻ ആർക്കു വേണ്ടിയും സ്വജനപക്ഷപാതം കാണിച്ചിട്ടില്ല. താനൊരു കള്ളൻ ആണെങ്കിൽ ജനങ്ങൾ തന്നെ തുടർച്ചയായി തെരഞ്ഞെടുക്കില്ലെന്നും കെ.ബി ഗണേഷ് കുമാർ.