ചെങ്ങമനാട്: നെടുമ്ബാശ്ശേരി, ചെങ്ങമനാട് പഞ്ചായത്തുകളിലെ ഹെക്ടര്‍ കണക്കിന് കൃഷികള്‍ക്ക് ജലസേചന സംവിധാനമൊരുക്കുന്ന പുത്തൻതോട് ഭാഗത്തെ ചെങ്ങമനാട് നമ്ബര്‍വണ്‍ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ശോച്യാവസ്ഥ പരിഹരിക്കാൻ മുറവിളിയുയരുന്നു.
രാജഭരണകാലത്ത് തുടക്കംകുറിച്ച പദ്ധതിയാണിത്.
പ്രധാനമായും നെല്‍കര്‍ഷകരാണ് വലയുന്നത്. പെരിയാറിന്‍റെ കൈവഴിയൊഴുകുന്ന പാനായിത്തോട്ടില്‍നിന്ന് രണ്ടര കിലോമീറ്ററോളം ദൂരത്താണ് പദ്ധതി. പാനായിത്തോടും സമീപപ്രദേശങ്ങളും മാലിന്യത്തോടായതോടെയാണ് പുത്തൻതോട് ഭാഗത്തേക്കും വെള്ളമൊഴുകാതെ തോട് കരപോലെയായത്. ആദ്യകാലത്ത് യഥാസമയം ഇറിഗേഷൻ വകുപ്പ് ഇടപെട്ട് മാലിന്യം നീക്കിയിരുന്നു. പിന്നീട് പഞ്ചായത്തുകളും മാലിന്യം നീക്കിയിരുന്നു. എന്നാലിപ്പോള്‍ കുറെ നാളുകളായി മാലിന്യം നീക്കുന്ന കാര്യത്തിലും ശോച്യാവസ്ഥ പരിഹരിക്കുന്നതിലും നാഥനില്ലാത്ത അവസ്ഥയാണ്. ആദ്യകാലങ്ങളില്‍ തുടര്‍ച്ചയായി 20 മണിക്കൂറോളം പമ്ബിങ് നടത്തിയിരുന്ന പദ്ധതിയാണിത്. പിന്നീട് 11 മണിക്കൂറും അടുത്തകാലത്ത് എട്ടുമണിക്കൂറുമാക്കി. നാല് പമ്ബ് ഓപറേറ്റര്‍മാര്‍ ജോലി ചെയ്തിരുന്ന ഇവിടെയിപ്പോള്‍ ഒരാള്‍ മാത്രമാണുള്ളത്. മാസങ്ങളായി പാനായിത്തോട് മുതല്‍ പുത്തൻതോട് വരെയുള്ള ലീഡിങ് ചാനലില്‍ മാലിന്യം നിറഞ്ഞതോടെ പമ്ബിങ് പൂര്‍ണമായി മുടങ്ങുന്ന അവസ്ഥയായിരുന്നു. കര്‍ഷകരുടെ മുറവിളിയെത്തുടര്‍ന്ന് പമ്ബ് ഹൗസ് മുതല്‍ കുന്നിശ്ശേരിക്കടവ് വരെ രണ്ടാഴ്ച മുമ്ബ് ചളിയും മാലിന്യവും നീക്കിയെങ്കിലും ആറുമണിക്കൂര്‍ പോലും പമ്ബിങ് പൂര്‍ത്തിയാക്കാൻ സാധിക്കുന്നില്ലത്രേ. ആറുവര്‍ഷം മുമ്ബാണ് പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പമ്ബ് ഹൗസ് നവീകരിച്ചത്. നാഥനില്ലാത്ത അവസ്ഥ വന്നതോടെ ഉപകനാലുകളും മറ്റും കോണ്‍ക്രീറ്റ് ചെയ്ത് സ്വകാര്യ ഫ്ലാറ്റുകളടക്കം വഴികളാക്കി മാറ്റിയതായും ആക്ഷേപമുണ്ട്.