ഇസ്രായേല്‍-ഹമാസ് വെടിനിർത്തല്‍ കരാർ നീട്ടി

0
83

ടെല്‍ അവീവ്: ഗാസ മുനമ്പിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള വെടി നിർത്തല്‍ കരാർ രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. പലസ്തീനും ചർച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ച ഖത്തറുമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇതിലൂടെ ബന്ദികളെയും തടവുകാരെയും കൂടുതൽ മോചിപ്പിക്കാനുള്ള വഴി തുറക്കും. നേരത്തേയുള്ള കരാർ ഇന്ന് അവസാനിക്കാനിരിക്കേയാണ് വെടിനിർത്തല്‍ രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയതായുള്ള പ്രഖ്യാപനം വരുന്നത്.അമേരിക്കയുടെയും ഈജിപ്തിന്റെയും പിന്തുണയോടെ — ഗാസയിൽ വെടിനിർത്തൽ സ്ഥാപിക്കുന്നതിനും അത് നീട്ടിക്കൊണ്ടുപോകുന്നതിനുമായി തീവ്രമായ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണ് ഖത്തർ.

ചർച്ചകള്‍ക്കൊടുവില്‍ ഗാസ മുനമ്പിൽ രണ്ട് ദിവസത്തേക്ക് കൂടി വെടിനിർത്തൽ നീട്ടാൻ ധാരണയായതായി ഖത്തർ വിദേശകാര്യ വക്താവ് മജീദ് അൽ അൻസാരി അറിയിക്കുകയായിരുന്നു. നടന്നുകൊണ്ടിരിക്കുന്ന മധ്യസ്ഥതയുടെ ഭാഗമായി ഗാസ മുനമ്പിൽ രണ്ട് ദിവസത്തേക്ക് കൂടി വെടിനിർത്തൽ നീട്ടാൻ ധാരണയായതായി ഖത്തർ ഔദ്യോഗികമായി അറിയിച്ചു.മോചിപ്പിക്കുന്നതിനായി ബന്ദികളുടെ പുതിയ പട്ടിക തയ്യാറാക്കുകയാണെന്ന് ഹമാസും വ്യക്തമാക്കി. അതിനിടെ, നാല് ദിവസത്തെ പ്രാരംഭ വെടിനിർത്തലിന്റെ അവസാന ദിവസമായ തിങ്കളാഴ്ച മോചിപ്പിക്കേണ്ട ബന്ദികളുടെ വിവരങ്ങള്‍ കുടുംബങ്ങളെ അറിയിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഒക്‌ടോബർ 7 ന് നിരവധി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 1,200 ഇസ്രായേലികളെ കൊലപ്പെടുത്തിയ ആക്രമണത്തിന് ശേഷം ഹമാസ് ബന്ദികളാക്കിയ കൂടുതൽ പേരെ മോചിപ്പിക്കാൻ അനുവദിക്കുന്നതിനാണ് താല്‍ക്കാലിക വെടി നിർത്തലിനായി ഇസ്രായേലിന് സമ്മതിക്കേണ്ടി വന്നിരിക്കുന്നത്.

എന്നാൽ, ഗാസയിലെ ഹമാസിനെതിരായ ഇസ്രായേൽ ആക്രമണത്തില്‍ ഏകദേശം 15,000 പേർ കൊല്ലപ്പെട്ടു. ഇതില്‍ കൂടുതലും പലസ്തീൻ സിവിലിയന്മാരാണ്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഉന്നത യൂറോപ്യൻ യൂണിയൻ പ്രതിനിധി ജോസെപ് ബോറെൽ, നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് എന്നിവരും ആഗോള തലത്തില്‍ ചർച്ചകള്‍ക്ക് നേതൃത്വം വഹിച്ചിരുന്നു.വെടിനിർത്തൽ കരാറിന്റെ ഭാഗമായി, ഹമാസ് ഇതുവരെ 39 ഇസ്രായേലി ബന്ദികളെ മോചിപ്പിച്ചിട്ടുണ്ട്. വെടിനിർത്തല്‍ കരാർ ദീർഘിപ്പിച്ചതോടെ കൂടുതല്‍ ബന്ദികളെ ഹമാസ് മോചിപ്പിച്ചേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here