നാലാം ക്ലാസുകാരനെ സഹപാഠികൾ കോമ്പസ് ഉപയോഗിച്ച് കുത്തിയതായി പരാതി.

0
102

മധ്യപ്രദേശിലെ ഇൻഡോറിലെ സ്കൂളിലാണ് വിദ്യാർഥിക്ക് കോമ്പസ് ഉപയോഗിച്ച് 108 തവണ കുത്തേറ്റത്. സംഭവത്തിൽ ശിശുക്ഷേമ സമിതി (സിഡബ്ലൂസി) പോലീസിൽ നിന്ന് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടു.മൂന്ന് സഹപാഠികളാണ് വിദ്യാർഥിയെ കോമ്പസ് ഉപയോഗിച്ച് കുത്തിയത്.

നവംബർ 24ന് ഇൻഡോറിലെ സ്വകാര്യ സ്കൂളിലാണ് വിദ്യാർഥിയെ സഹപാഠികൾ ആക്രമിച്ചത്. കുട്ടിക്ക് നേരെ കോമ്പസ് ഉപയോഗിച്ച് ആക്രമണം നടന്നതായി സിഡബ്ല്യുസി ചെയർപേഴ്സൺ പല്ലവി പോർവാൾ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.ഞെട്ടിക്കുന്ന സംഭവമാണ് സ്കൂളിലുണ്ടായത്. സ്‌കൂളിൽ നടന്ന വഴക്കിനിടെ സഹപാഠികൾ കോമ്പസ് ഉപയോഗിച്ച് വിദ്യാർഥിയെ 108 തവണ ആക്രമിക്കുകയായിരുന്നു. ഇത്രയും ചെറിയ പ്രായത്തിലുള്ള കുട്ടികളുടെ അക്രമാസക്തമായ പെരുമാറ്റത്തിന്റെ കാരണം കണ്ടെത്താൻ ഞങ്ങൾ പോലീസിൽ നിന്ന് അന്വേഷണ റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് പല്ലവി പോർവാൾ വ്യക്തമാക്കി.

സിഡബ്ല്യുസി കുട്ടികളുമായും അവരുടെ കുടുംബങ്ങളുമായും സംസാരിക്കും. കൗൺസിലിങ് നൽകുകയും ചെയ്യും. അക്രമാസക്തമായ ഉള്ളടക്കമുള്ള വീഡിയോ ഗെയിമുകൾ കുട്ടികൾ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്തുമെന്നും പോർവാൾ പറഞ്ഞു.കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ എയ്‌റോഡ്രോം പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ വിവേക് സിംഗ് ചൗഹാൻ അറിയിച്ചു.

സംഭവത്തിൽ ഉൾപ്പെട്ട എല്ലാ കുട്ടികളും 10 വയസ്സിൽ താഴെയുള്ളവരാണ്. കുട്ടിക്കെതിരെയുണ്ടായ ആക്രമണത്തിൽ നിയമവ്യവസ്ഥകൾ അനുസരിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.സ്കൂളിൽ നിന്ന് മടങ്ങിയെത്തിയ മകൻ പറഞ്ഞപ്പോഴാണ് വിവരമറിയുന്നതെന്ന് പിതാവ് പറഞ്ഞു. എന്തുകൊണ്ടാണ് സഹപാഠികൾ ഇത്ര ക്രൂരമായി പെരുമാറിയതെന്നറിയില്ല. കോമ്പസ് ഉപയോഗിച്ച് കുത്തേറ്റതിൻ്റെ പാടുകൾ മകൻ്റെ ശരീരത്തിലുണ്ട്. ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങൾ സ്കൂൾ മാനേജ്മെന്റ് കൈമാറാൻ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here