കേന്ദ്ര ജലശക്തി മന്ത്രാലയം പുറത്തിറക്കിയ ഇന്ത്യയിലെ 75 ജല പൈതൃക പട്ടികയില്‍ ജില്ലയിലെ പെരളശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രക്കുളവും ഉള്‍പ്പെട്ടു.
കേരളത്തില്‍ നിന്ന് രണ്ട് എണ്ണം മാത്രമാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 1500 വര്‍ഷം മുമ്ബ് നിര്‍മിച്ച ഈ ക്ഷേത്രക്കുളം സ്റ്റെപ്പ് വെല്‍ ഗണത്തിലാണ് പെടുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ കാണപ്പെടുന്ന പടിക്കെട്ടുകളോടുകൂടിയ കിണറുകളുടെ രൂപത്തില്‍ 62 സെന്റില്‍ 19 മീറ്റര്‍ ഉയരത്തിലാണ് കുളം നിര്‍മിച്ചിരിക്കുന്നത്. ക്ഷേത്രക്കുളത്തിന്റെ സവിശേഷവും സങ്കീര്‍ണവുമായ വാസ്തുവിദ്യാ ശൈലി പ്രതിഫലിപ്പിക്കുന്ന പടികളാണ് ഏറെ ആകര്‍ഷണം. അയണിവയല്‍ കുളം എന്നറിയപ്പെടുന്ന കുളം 2001ല്‍ നവീകരിച്ചു. അഞ്ചരക്കണ്ടി നദിയുടെ തീരത്താണ് മനോഹരമായ പെരളശ്ശേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നിരവധി സിനിമകളിലും ആല്‍ബങ്ങളിലും ഈ കുളം ഇടം പിടിച്ചിട്ടുണ്ട്.
എറണാകുളത്തെ കേരള ജലപാതയാണ് സംസ്ഥാനത്തു നിന്നുള്‍പ്പെട്ട മറ്റൊരു ജല പൈതൃക കേന്ദ്രം.ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ചരിത്രപരമായി പ്രാധാന്യമുള്ള ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിന് ജലശക്തി മന്ത്രാലയം 75 ജല പൈതൃക പട്ടിക തെരഞ്ഞെടുത്തത്. 421 നോമിനേഷനുകള്‍ ലഭിച്ചു. 100 വര്‍ഷങ്ങള്‍ക്ക് മുമ്ബ് നിര്‍മിച്ച ടാങ്കുകള്‍, കിണറുകള്‍, സ്റ്റെപ്പ് കിണറുകള്‍, കനാലുകള്‍, ജലസംഭരണികള്‍, വാട്ടര്‍ മില്ലുകള്‍, റിസര്‍വോയറുകള്‍ എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.