പുതുതലമുറ ബിടെക്, എംടെക് കോഴ്സുകൾ ആരംഭിക്കാൻ മന്ത്രിസഭ തീരുമാനം.

0
91

നവകേരള സദസ്സിനിടെ ഇന്ന് തിരൂരിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തിരുവനന്തപുരം, പാലക്കാട് തൃശൂർ എൻജിനീയറിങ് കോളേജുകളിൽ പുതുതലമുറ ബിടെക്, എംടെക് കോഴ്സുകൾ ആരംഭിക്കാൻ തീരുമാനിച്ചത്. തലശേരി കേന്ദ്രീയ വിദ്യാലയത്തിന് 100 രൂപ വാർഷിക പാട്ട നിരക്കിൽ 99 വർഷത്തേക്ക് വ്യവസ്ഥകൾക്ക് വിധേയമായി സ്ഥലം പാട്ടത്തിന് നൽകാനും തീരുമാനിച്ചിട്ടുണ്ട്. കതിരൂർ പുല്ല്യോട്ട് 7.9 ഏക്കർ ഏക്കർ ഭൂമിയാണ് നൽകുക.

എംടെക് കോഴ്സുകൾ

തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ് – സ്ട്രക്ച്ചറൽ എൻജിനീയറിങ് ( അഡീഷണൽ ഡിവിഷൻ ), പാലക്കാട് ശ്രീകൃഷ്ണപുരം എൻജിനീയറിങ് കോളേജ് – ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആന്‍റ് ഡാറ്റാ സയൻസ്, ഇന്‍റർനെറ്റ് ഓഫ് തിങ്സ്, തൃശൂർ ഗവ. എൻജിനീയറിങ് കോളേജ് – റോബോട്ടിക്സ് ആന്‍റ് ഓട്ടോമേഷൻ, എൻജിനീയറിങ് ഡിസൈൻ എന്നീ കോഴ്സുകളാണ് ആരംഭിക്കുന്നത്. 18 വീതം സീറ്റുകളാണ് ഓരോ വിഭാഗത്തിലും എംടെക്കിന് ഉണ്ടാവുക.

ബിടെക് കോഴ്സുകൾ

തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ് – ഇലക്ട്രോണിക്സ് ആന്‍റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് (അഡീഷണൽ ഡിവിഷൻ), തൃശൂർ ഗവ. എഞ്ചിനീയറിങ് കോളേജ് – സൈബർ ഫിസിക്കൽ സിസ്റ്റം, ഇലക്ട്രോണിക്സ് ആന്‍റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ( അഡീഷണൽ ഡിവിഷൻ ) എന്നിവയാണ് ആരംഭിക്കുക. ബിടെക് വിഭാഗത്തിൽ ഓരോ വിഭാഗത്തിലും 60 സീറ്റുകൾ വീതമാണ് ഉണ്ടാവുക. നിലവിലുള്ള അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് അധിക കോഴ്സുകൾ ആരംഭിക്കുന്നത്.

സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് ഹൈസ്കൂളുകളിൽ 639 താൽക്കാലിക എച്ച്എസ്എ ഇംഗ്ലീഷ് തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു 3, 4 ഡിവിഷനുകൾ ഉള്ള ഹൈസ്കൂളുകളിൽ തസ്തിക സൃഷ്ടിച്ച് ദിവസ വേതന / കരാർ അടിസ്ഥാനത്തിലാവും നിയമനം. ഹൈക്കോടതി റിട്ട് പെറ്റീഷന് മേൽ പുറപ്പെടുവിച്ച വിധി ന്യായം നടപ്പാക്കുന്നതിന്‍റെ ഭാഗമായി ആദ്യഘട്ടം എന്ന നിലയ്ക്കാണിത്.

കണ്ണൂർ കാരക്കുണ്ട് ഡോൺബോസ്കോ സ്പീച്ച് ആന്‍റ് ഹിയറിങ് ഹയർ സെക്കൻഡറി സ്കൂളിൽ 2014 – 15 വർഷം അനുവദിച്ച കൊമേഴ്സ് ബാച്ചിലേക്ക് പുതിയ 6 തസ്തികകൾ അനുവദിക്കും. എച്ച്എസ്എസ് റ്റി ജൂനിയർ വിഭാഗത്തിൽ ഇംഗ്ലീഷ് , മലയാളം ആന്‍റ് കോമേഴ്സ് വിഭാഗങ്ങളിലായി മൂന്നു തസ്തികൾ അനുവദിക്കും.

എച്ച്എസ്എസ്റ്റി വിഭാഗത്തിൽ കൊമേഴ്സ്, ഇക്കണോമിക്സ് ആന്റ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗത്തിലും മൂന്ന് തസ്തികകൾ സൃഷ്ടിക്കും.പുതുതായി സൃഷ്ടിക്കുന്ന തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ സ്പെഷ്യൽ ട്രെയിനിങ്ങ് ഉള്ള അധ്യാപകരെ നിയമിക്കുന്ന നടപടി സ്വീകരിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here