സിംഹത്തിന് സീത എന്ന് പേരിട്ട സംഭവം: വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ .

0
59

അഗര്‍ത്തല: മൃഗശാലയിലെ സിംഹങ്ങള്‍ക്ക് സീത, അക്ബര്‍ എന്നീ പേരിട്ട സംഭവത്തില്‍ ത്രിപുര സര്‍ക്കാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. സിംഹത്തിന് സീതയെന്ന് പേരിട്ടത് മതവികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ച് വിശ്വ ഹിന്ദു പരിഷത്ത് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് വനം വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററായ പ്രബിന്‍ ലാല്‍ അഗര്‍വാളിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്.

ഫെബ്രുവരി 12ന് രണ്ട് സിംഹങ്ങളെയും ത്രിപുരയിലെ സെപാഹിജല മൃഗശാലയില്‍ നിന്ന് സിലിഗുറിയിലെ നോര്‍ത്ത് ബംഗാള്‍ അനിമല്‍സ് പാര്‍ക്കിലേക്ക് മാറ്റിയിരുന്നു.

1994 ബാച്ച് ഐഎഫ്എസ് ഓഫീസറാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പ്രബിന്‍ ലാല്‍ അഗര്‍വാള്‍. ഇദ്ദേഹം ത്രിപുരയുടെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനായി സേവനമനുഷ്ടിച്ച് വരികയായിരുന്നു.

സിംഹങ്ങളെ സിലിഗുറിയിലേക്ക് കൈമാറുന്നതിന് മുമ്പ് രജിസ്റ്ററില്‍ സീത എന്നും അക്ബര്‍ എന്നും പേരെഴുതിച്ചേര്‍ത്തതും ഇദ്ദേഹമായിരുന്നു.വിഷയം വിവാദമായതോടെ വിശ്വ ഹിന്ദു പരിഷത്ത് കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് സിംഹങ്ങളുടെ പേര് മാറ്റാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

അതേസമയം സിംഹങ്ങള്‍ക്ക് പേരിട്ടത് ത്രിപുരയാണെന്നും ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ത്രിപുര മൃഗശാല അധികൃതര്‍ക്കാണെന്നും ബംഗാള്‍ വനം വകുപ്പ് പറഞ്ഞിരുന്നു. തുടര്‍ന്നാണ് സിംഹത്തിന് സീത എന്ന് പേരിട്ടത് മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് വിഎച്ച്പി കോടതിയെ അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here