WORLD CUP – 2023 : ന്യൂസിലാന്‍ഡിനെതിരായ മല്‍സരത്തില്‍ അഫ്ഗാനിസ്താന്‍ ടീമിന്റെ വന്‍ പരാജയം

0
74

ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരായ മല്‍സരത്തില്‍ അഫ്ഗാനിസ്താന്‍ ടീമിന്റെ വന്‍ പരാജയം കാരണം ശരിക്കും പെട്ടിരിക്കുന്നത് ഇന്ത്യയാണ്. പോയിന്റ് പട്ടികയില്‍ വലിയ ക്ഷീണമാണ് ഇന്ത്യക്കു സംഭവിച്ചിരിക്കുന്നത്. ചെന്നൈയിലെ ചെപ്പോക്കില്‍ നടന്ന കളിയില്‍ പൊരുതാന്‍ പോലും ശ്രമിക്കാതെ 149 റണ്‍സിന്റെ വന്‍ പരാജയത്തിലേക്കു അഫ്ഗാന്‍ കൂപ്പുകുത്തുകയായിരുന്നു. തൊട്ടുമുമ്പത്തെ കളിയില്‍ നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച അഫ്ഗാന്‍ ടീമില്‍ നിന്നും ഇത്ര ദയനീയമായൊരു പ്രകടനം ആരും പ്രതീക്ഷിച്ചിരുന്നില്ല.മിന്നുന്ന വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലാന്‍ഡ് തലപ്പത്തേക്കു കയറിയിരിക്കുകയാണ്. ഇതോടെ രണ്ടു വെല്ലുവിളികളാണ് ഇന്ത്യക്കു നേരിടേണ്ടി വന്നിരിക്കുന്നത്.

ഇന്നു (വ്യാഴം) ബംഗ്ലാദേശുമായിട്ടാണ് ഇന്ത്യയുടെ നാലാം റൗണ്ട് മല്‍സരം. പോയിന്റ് പട്ടികയില്‍ വീണ്ടും ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാന്‍ രണ്ടു കാര്യങ്ങള്‍ ഇന്ത്യ ചെയ്‌തേ തീരൂ.ആദ്യത്തേത് ബംഗ്ലാദേശിനെതിരേ വിജയം കൊയ്യുകയെന്നതാണ്. എന്നാല്‍ വെറുതെ ജയിച്ചാല്‍ മാത്രം പോരാ. മറിച്ച് മികച്ചൊരു മാര്‍ജിനില്‍ തന്നെ ജയിക്കേണ്ടതുണ്ട്. കാരണം അഫ്ഗാനിസ്താനെതിരേ നേടിയ 149 റണ്‍സിന്റെ വമ്പന്‍ ജയത്തോടെ ന്യൂസിലാന്‍ഡ് നെറ്റ് റണ്‍റേറ്റിലും ഇന്ത്യയെ പിന്നിലാക്കിയിരിക്കുകയാണ്. നേരത്തേ ഇന്ത്യക്കായിരുന്നു ഏറ്റവും മികച്ച നെറ്റ് റണ്‍റേറ്റുണ്ടായിരുന്നത്. പക്ഷെ അഫ്ഗാന്റെ ദയനീയ കീഴടങ്ങല്‍ കാരണം ഇന്ത്യക്കു പണികിട്ടി. നാലു മല്‍സരങ്ങളിലും ജയിച്ച ന്യൂസിലാന്‍ഡ് എട്ടു പോയിന്റുമായാണ് ഒന്നാമതുള്ളത്. +1.923 ആണ് ഇപ്പോള്‍ കിവികളുടെ നെറ്റ് റണ്‍റേറ്റ്. ഒരു മല്‍സരം കുറച്ചു കളിച്ച ഇന്ത്യക്കു ആറു പോയിന്റാണുള്ളത്.

നെറ്റ് റണ്‍റേറ്റാവട്ടെ +1.821 ആണ്.ബംഗ്ലാദേശുമായുള്ള ഇന്നത്തെ മല്‍സരത്തില്‍ ചെറിയൊരു മാര്‍ജിനില്‍ വിജയിച്ചതുകൊണ്ട് ഇന്ത്യക്കു കാര്യമില്ല. പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തു തന്നെ തുടരേണ്ടതായി വരും. ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ കുറഞ്ഞത് 100ന് മുകളില്‍ റണ്‍സിന്റെ മാര്‍ജിനിലെങ്കലും ബംഗ്ലാദേശിനെ ഇന്ത്യക്കു തോല്‍പ്പിച്ചേ തീരൂ. റണ്‍ചേസാണെങ്കില്‍ 40 ഓവറിനുള്ളില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തുകയും വേണം. എങ്കില്‍ മാത്രമേ നെറ്റ് റണ്‍റേറ്റില്‍ ന്യൂസിലാന്‍ഡിനെ മറികടന്ന് ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാന്‍ ഇന്ത്യക്കു സാധിക്കുകയുള്ളൂ. നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ ബംഗ്ലാദേശിനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കു സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പക്ഷെ അവരെ അത്ര നിസാരമായി എടുക്കാന്‍ ഇന്ത്യ തയ്യാറാവില്ല. കാരണം തങ്ങളുടേതായ ദിവസം ഏതു വമ്പന്‍ ടീമിനെയും വീഴ്ത്താനുള്ള ശേഷി ബംഗ്ലാദേശിനുണ്ട്. കഴിഞ്ഞ ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറിലായിരുന്നു അവസാനമായി ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടിയത്.

അന്നു ഇന്ത്യയെ അവര്‍ വീഴ്ത്തുകയും ചെയ്തിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യക്കു നേരിട്ട ഏക പരാജയവും ഇതു തന്നെയായിരുന്നു.അതേസമയം, ചെപ്പോക്കില്‍ നടന്ന കഴിഞ്ഞ മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനെതിരേ ബാറ്റിങില്‍ മാത്രമല്ല ഫീല്‍ഡിങിലും ദയനീയമായി പരാജയപ്പെട്ടതാണ് അഫ്ഗാനെ വന്‍ തോല്‍വിയിലേക്കു തള്ളിയിട്ടത്. ഏഴു ക്യാച്ചുകളാണ് മല്‍സരത്തില്‍ അഫ്ഗാന്‍ താരങ്ങള്‍ പാഴാക്കിയത്.

കിവികളെപ്പോലെ അപകടകാരികളായ ഒരു ടീമിനെതിരേ ഇത്രയുമധികം ക്യാച്ചുകള്‍ കൈവിട്ട ശേഷം അഫ്ഗാന്‍ ജയിച്ചിരുന്നെങ്കില്‍ അതു വലിയൊരു അദ്ഭുതമായി മാറിയേനെ.ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് ആറു വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. ഗ്ലെന്‍ ഫിലിപ്‌സ് (71), ക്യാപ്റ്റന്‍ ടോം ലാതം (68), വില്‍ യങ് (54) എന്നിവരുടെ ഫിഫ്റ്റികളാണ് കിവികള്‍ക്കു കരുത്തായത്. മറുപടിയില്‍ അഫ്ഗാന്‍ പൊരുതാന്‍ പോലും ശ്രമിക്കാതെ മല്‍സരം അടിയറവച്ചു. വെറും 34.4 ഓവറില്‍ 139 റണ്‍സിനു അവര്‍ കീഴടങ്ങുകയായിരുന്നു. 36 റണ്‍സെടുത്ത റഹ്മത്ത് ഷായാണ് ടോപ്‌സ്‌കോറര്‍. മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത മിച്ചെല്‍ സാന്റ്‌നറും ലോക്കി ഫെര്‍ഗൂസനും ചേര്‍ന്നാണ് അഫ്ഗാനെ തകര്‍ത്തത്. ട്രെന്റ് ബോള്‍ട്ട് രണ്ടു വിക്കറ്റും വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here