കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷവാര്‍ത്ത.4 ശതമാനം ഡിയര്‍നസ് അലവന്‍സും (ഡിഎ) ഡിയര്‍നസ് റിലീഫ് (ഡിആര്‍) വര്‍ദ്ധനയും കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ഈ തീരുമാനത്തോടെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ നിലവിലുള്ള 42 ശതമാനത്തില്‍ നിന്ന് 46 ശതമാനമായി ഉയരും. ക്ഷാമബത്തയുടെയും ഡിആറിന്റെയും അധിക ഗഡു റിലീസ് 2023 ജൂലൈ 01 മുതല്‍ ബാധകമാകുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ക്ഷാമബത്തയും പെന്‍ഷന്‍കാര്‍ക്കുള്ള ഡിയര്‍നസ് റിലീഫും 4 ശതമാനമാണ് വര്‍ധിപ്പിച്ചത്. 2023 ജൂലൈ 1 മുതല്‍ ഡിഎ വര്‍ദ്ധന നടപ്പാക്കും. 4% ഡിഎയും ഡിആറും വര്‍ധിപ്പിച്ചാല്‍ സര്‍ക്കാരിന് പ്രതിവര്‍ഷം 12,857 കോടി രൂപ ചെലവ് വരുമെന്ന് അനുരാഗ് താക്കൂര്‍ പറഞ്ഞു. ഉത്സവ സീസണില്‍ തന്നെ ഏറെ നാളായി കാത്തിരുന്ന ഈ തീരുമാനം നടപ്പിലായതിന്റെ സന്തോഷത്തിലാണ് ലക്ഷക്കണക്കിന് വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും. ഇതൊരു ദീപാവലി സമ്മാനമായാണ് കണക്കാക്കപ്പെടുന്നത്. 48.67 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 67.95 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഈ തീരുമാനം ഗുണം ചെയ്യും. കാരണം, ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിലെ കുടിശ്ശികയ്ക്കൊപ്പം നവംബര്‍ മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ദ്ധിപ്പിച്ച ശമ്പളം ലഭിക്കും.