തൃണമൂൽ കോൺഗ്രസ് എം.പി. മഹുവ മൊയ്ത്രക്കെതിരെ കെെക്കൂലി ആരോപണവുമായി ബി.ജെ.പി. എം.പി. നിഷികാന്ത് ദുബെ. പാർലമെന്റിൽ ചോദ്യങ്ങളുന്നയിക്കുന്നതിന് പ്രമുഖ വ്യവസായിൽ നിന്നും മഹുവ കെെക്കൂലി വാങ്ങിയെന്നും ഇവരെ സഭയിൽ നിന്ന് ഉടൻ സസ്പെൻഡ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെ ലോക്‌സഭാ സ്പീക്കർക്ക് കത്തയച്ചു.
മഹുവ മൊയ്‌ത്രയ്‌ക്കെതിരെ അന്വേഷണ സമിതി രൂപീകരിക്കണമെന്നും നിഷികാന്ത് കത്തിലൂടെ ആവശ്യപ്പെട്ടു.“പാർലമെന്റ് സമ്മേളനം ഉണ്ടാകുമ്പോഴെല്ലാം, അഖിലേന്ത്യ തൃണമൂൽ കോൺഗ്രസിന്റെ നേതാക്കൾ മഹുവ മൊയ്ത്രയുടെയും സൗഗത റോയിയുടെയും നേതൃത്വത്തിൽ സഭാ നടപടികൾ തടസ്സപ്പെടുത്തുന്നത് പതിവാണ്. സഭയിലെ ഓരോരുത്തരെയും വ്യത്യസ്തങ്ങളായ കാരണങ്ങൾ അവർ തുടർച്ചയായി അധിക്ഷേപിച്ചു. ലോക്‌സഭയിൽ അടുത്തിടെ വരെ അവർ ചോദിച്ച 61 ചോദ്യങ്ങളിൽ 50 ഉം ശ്രദ്ധ കേന്ദ്രീകരിച്ചത് അദാനി ഗ്രൂപ്പിനെ കേന്ദ്രീകരിച്ചായിരുന്നു ,ഇതിലൂടെ സാധാരണക്കാരുടെ പ്രശ്നങ്ങളും സർക്കാരിന്റെ നയങ്ങളും ചർച്ച ചെയ്യാനുള്ള മറ്റ് അംഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണ് അവർ നടത്തിയത്.
പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ മഹുവ മൊയ്ത്രയ്ക്ക് പ്രമുഖ വ്യവസായി പണവും സമ്മാനങ്ങളും കൈമാറി “- നിഷികാന്ത് ദുബെ ആരോപിച്ചു.അതേസമയം തനിക്കെതിരായ ഏത് നീക്കത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് മഹുവ മൊയ്ത്ര പ്രതികരിച്ചു. വ്യാജ ബിരുദധാരികൾക്കും മറ്റ് ബി.ജെ.പി. പ്രമുഖർക്കുമെതിരെ ഒന്നിലധികം അധികാരലംഘനങ്ങൾ നിലനിൽക്കുന്നുണ്ട്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ പരിശോധിക്കുന്നതിനു മുമ്പ് കൽക്കരി കുംഭകോണത്തിൽ എഫ്.ഐ.ആർ. ഫയൽ ചെയ്യുന്നതിനായി ഇ.ഡി.യോട് ആവശ്യപ്പെടുന്നതായും മഹുവ ട്വിറ്ററിൽ കുറിച്ചു.