സിവിൽ എക്‌സൈസ് ഓഫീസർ റിക്രൂട്ട്‌മെന്റ് 2023 ന്റെ ഔദ്യോഗിക നോട്ടിഫിക്കേഷൻ പുറത്തു വിട്ടിരിക്കുകയാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ. പ്ലസ് ടു ആണ് സിവിൽ എക്‌സൈസ് ഓഫീസർ ആകാനുള്ള അടിസ്ഥാന യോഗ്യത. ഈ പോസ്റ്റിലേക്ക് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 1 ആണ്. അപേക്ഷ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ നോക്കാം.
307/2023 കാറ്റഗറി നമ്പറിലാണ് സിവിൽ എക്‌സൈസ് ഓഫീസർ റിക്രൂട്ട്‌മെന്റ് 2023 നടക്കുന്നത്. ഡയറക്ട് റിക്രൂട്ട്മെന്റ് ആണ് ഇത്. പ്രതിമാസം 27900 രൂപ മുതൽ 63700 രൂപ വരെ ശമ്പളയിനത്തിൽ ലഭിക്കും. ജില്ലാ അടിസ്ഥാനത്തിൽ ആയിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. ഓൺലൈനായി പി എസ് സി തുളസി വഴി ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാനാകും.
19 വയസു മുതൽ 31 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ജോലിക്കായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ കേരള സർക്കാരിന്റെ ഹയർ സെക്കൻഡറി വിദ്യാഭ്യാസ ബോർഡ് നടത്തുന്ന പ്ലസ് ടു പരീക്ഷയോ ഇന്ത്യാ ഗവൺമെന്റോ കേരള സർക്കാരോ അംഗീകരിച്ച തത്തുല്യ പരീക്ഷയോ വിജയിച്ചിരിക്കണം. ജനറൽ വിഭാഗക്കാർക്ക് 165 സെന്റീമീറ്റർ ഉയരവും 81 സെന്റീ മീറ്റർ നെഞ്ചളവുമാണ് ഫിസിക്കൽ യോഗ്യതയായി കണക്കാക്കുന്നത്. എസ് സി / എസ് ടി വിഭാഗക്കാർക്ക് 160 സെന്റീ മീറ്റർ ഉയരവും 76 സെന്റീമീറ്റർ നെഞ്ചളവും ആണ് യോഗ്യത.