ന്യൂയോര്‍ക്ക് : അമേരിക്കയില്‍ മറൈന്‍ സീ ടാങ്ക് കടലില്‍ മുങ്ങിയുണ്ടായ അപകടത്തില്‍ ഒരു നാവികന്‍ മരിച്ചു. എട്ട് നാവികരെ കാണാതായി. സതേണ്‍ കാലി ഫോര്‍ണിയ തീരത്ത് ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ നടക്കുന്നുണ്ട്.
15 നാവികരാണ് ടാങ്കില്‍ ഉണ്ടായിരുന്നത്. സാന്‍ ക്ലെമെന്റ് ഐലന്റില്‍ നിന്നും നേവിയുടെ കപ്പലിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. കടലില്‍ മുങ്ങിയ രണ്ട് പേരെ ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൈനിക കപ്പലുകളും, ഹെലികോപ്റ്ററുകളും സംയുക്തമായാണ് കാണാതായവര്‍ക്കായുള്ള തെരച്ചില്‍ നടത്തുന്നത്.
മറൈന്‍ എക്‌സ്‌പെഡിഷണറിയിലെ 15 ാം യൂണിറ്റിലെ അംഗങ്ങളാണ് ടാങ്കില്‍ ഉണ്ടായിരുന്നത്. പ്രദേശത്ത് ദൈനംദിന പട്രോളിംഗ് നടത്തുന്ന സംഘമായിരുന്നു.
ദാരുണ സംഭവത്തില്‍ അതീവ ദു:ഖിതരാണെന്ന് യൂണിറ്റ് കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ ക്രിസ്റ്റഫര്‍ ബ്രോണ്‍സി പറഞ്ഞു. നാവികരോടും അവരുടെ കുടുംബങ്ങളോടും കാണാതായവര്‍ക്കായി പ്രാര്‍ത്ഥിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.