രാജ്യത്തെ ആദ്യ യുപിഐ എടിഎം

0
59

ഇന്ത്യയിലെ ആദ്യത്തെ യുപിഐ – എടിഎമ്മില്‍ നിന്ന് യുവാവ് പണം പിന്‍വലിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ച് ഹിറ്റാച്ചി പേയ്‌മെന്റ്‌സ് സര്‍വ്വീസാണ് യുപിഐ – എടിഎം അവതരിപ്പിച്ചത്. മുംബൈയിലെ ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റിനിടെയാണ് ഈ എടിഎം അവതരിപ്പിച്ചത്.

എടിഎം കാര്‍ഡില്ലാതെ തന്നെ സുരക്ഷിതമായി പണം പിന്‍വലിക്കാന്‍ കഴിയുന്ന സംവിധാനമാണിതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. യുപിഐ എടിഎമ്മിന്റെ വീഡിയോ കേന്ദ്രമന്ത്രി പീയുഷ് ഗോയലും ഷെയര്‍ ചെയ്തിരുന്നു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ യുപിഐ-എടിഎം: ഫിന്‍ടെകിന്റെ ഭാവി,’ എന്ന് അദ്ദേഹം കുറിച്ചു.

രവി സുതഞ്ജനി എന്ന ഉപയോക്താവാണ് യുപിഐ-എടിഎമ്മിനെ പരിചയപ്പെടുത്തുന്ന വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. യുപിഐ ഉപയോഗിച്ച് എടിഎമ്മിലൂടെ അദ്ദേഹം 500 രൂപ പിന്‍വലിക്കുകയും ചെയ്യുന്നുണ്ട്. എങ്ങനെയാണ് എടിഎമ്മിലൂടെ യുപിഐ ഉപയോഗിച്ച് പണം പിന്‍വലിക്കേണ്ടതെന്നും അദ്ദേഹം വീഡിയോയിലൂടെ കാണിച്ചുതരുന്നു.

 

എടിഎം സ്‌ക്രീനിലെ യുപിഐ കാര്‍ഡ്‌ലെസ് കാഷ് എന്ന ഓപ്ഷനില്‍ ആദ്യം ക്ലിക്ക് ചെയ്യുന്നു. പിന്നീട് പിന്‍വലിക്കേണ്ട തുക സെല്ക്ട് ചെയ്തു. ശേഷം സ്‌ക്രീനില്‍ ഒരു ക്യൂആര്‍ കോഡ് പ്രത്യക്ഷപ്പെടും. ഭീം ആപ്പ് ഉപയോഗിച്ച് ക്യൂര്‍ കോഡ് സ്‌കാന്‍ ചെയ്തു. ഏത് ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് പണം പിന്‍വലിക്കേണ്ടതെന്ന് സെലക്ട് ചെയ്യുന്നു. പിന്നീട് യുപിഐ പിന്‍ നമ്പര്‍ ടൈപ്പ് ചെയ്തു. ഇതോടെ എടിഎമ്മില്‍ നിന്ന് പണം ലഭിക്കുകയും ചെയ്തു.

രവി സുതഞ്ജിനിയുടെ വീഡിയോ 2.2 മില്യണ്‍ പേരാണ് കണ്ടത്. കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ ഈ വീഡിയോ ഷെയര്‍ ചെയ്തതോടെ കാഴ്ചക്കാരുടെ എണ്ണം വര്‍ധിച്ചു.

എന്താണ് യുപിഐ-എടിഎം

എടിഎം കാര്‍ഡില്ലാതെ പണം പിന്‍വലിക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് യുപിഐ – എടിഎം. ഡെബിറ്റ് കാര്‍ഡ് ഇല്ലാതെ തന്നെ പണം പിന്‍വലിക്കാന്‍ ഈ വൈറ്റ് ലേബല്‍ എടിഎമ്മുകള്‍ സഹായിക്കുന്നു. ബാങ്കിതര സ്ഥാപനങ്ങളാണ് വൈറ്റ് ലേബല്‍ എടിഎമ്മുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

യുപിഐ – എടിഎമ്മുകളിലൂടെ പിന്‍വലിക്കാന്‍ കഴിയുന്ന പരമാവധി തുക 10,000 രൂപയാണ്. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കേണ്ടതില്ല എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. കൂടാതെ വ്യക്തികള്‍ക്ക് തങ്ങളുടെ ഒന്നിലധികം അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിക്കാന്‍ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here