മൻസൂർ അലിഖാന്റെ അടി കൊള്ളേണ്ടി വന്നിട്ടുണ്ടെന്ന് നടൻ ഹരിശ്രീ അശോകൻ.

0
94

‘സത്യം ശിവം സുന്ദരം’ എന്ന ചിത്രത്തിൽ ഫൈറ്റ് രംഗങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ നടൻ മൻസൂർ അലിഖാന്റെ അടി കൊള്ളേണ്ടി വന്നിട്ടുണ്ടെന്ന് നടൻ ഹരിശ്രീ അശോകൻ.

ഒരു തവണ അടി കൊണ്ടപ്പോൾ താൻ വിലക്കിയെന്നും പിന്നീട് താൻ ദേഷ്യപ്പെട്ടതായും ഒരു ബോധമില്ലാത്ത നടനാണ് മൻസൂർ അലി ഖാൻ എന്നും ഹരിശ്രീ അശോകൻ പറഞ്ഞു.

സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ഹരിശ്രീ അശോകൻ മനസുതുറന്നത്‌.

‘ഈ സിനിമയിൽ എന്നെയും ഹനീഫിക്കയെയും മൻസൂർ അലി ഖാൻ ബസ് സ്റ്റാൻഡിൽ ഇട്ട് തല്ലുന്ന സീൻ ഉണ്ട്. ഞങ്ങൾ അന്ധൻമാരുടെ വേഷം ചെയ്യുന്നതുകൊണ്ട് കണ്ണ് എപ്പോഴും മുകളിലേക്ക് വെക്കണം.

അപ്പോൾ നമുക്ക് ഒന്നും കാണാൻ പറ്റില്ല. മൻസൂർ അലിഖാൻ രണ്ടുമൂന്ന് തവണ കൈക്കിട്ട് ഇടിച്ചു. പിന്നെ നെഞ്ചിനിട്ടും ചവിട്ട് കിട്ടി. ഇനി ചവിട്ടരുത്, ടൈമിങ് നിങ്ങളുടെ കയ്യിലാണ്, ഞങ്ങൾക്ക് ഒന്നും കാണാൻ പറ്റില്ല എന്ന് ഞാൻ ഒരു തവണ പറഞ്ഞു. പുള്ളി മൈൻഡ് ചെയ്തില്ല. രണ്ടാമതും ചവിട്ടി.

നിർത്താൻ പറഞ്ഞു ഞാൻ. ഞാൻ നിന്നോട് ഒരു തവണ പറഞ്ഞതാണ് ചവിട്ടരുതെന്ന്. ഇനി നീയെന്റെ ദേഹത്ത് തൊട്ടാൽ മദ്രാസ് കാണില്ലെന്ന് ഞാൻ പറഞ്ഞു. പിന്നെ ഒരു കുഴപ്പവും ഉണ്ടായില്ല. എന്റെ നാലിരട്ടി ഉണ്ടായിരുന്നു അയാൾ. നമ്മളെ ചവിട്ടിയിട്ട് എന്തായാലും അയാൾ ഇവിടുന്ന് പോകില്ല. ഞാൻ ഇങ്ങനെ ഇരിക്കുന്നു എന്നേയുള്ളു.

ഒരു ബോധമില്ലാത്ത നടനാണ് ഈ മൻസൂർ അലി ഖാൻ. അയാൾക്ക് വേണ്ടി ഞങ്ങളൊക്കെ ഒരുപാട് സഹിച്ചു. അയാൾക്കെതിരെ നൂറ്റി അൻപതോളം കേസുകൾ ഉണ്ട്. ഇപ്പോഴും ജയിലിലാണ്. വീട്ടിൽ വല്ലപ്പോഴുമാണ് വരുന്നത്. ലീവിന് വീട്ടിൽ വരും’ ; ഹരിശ്രീ അശോകൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here