അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ഭയന്ന് പുലിക്കുന്നുകാർ.

0
69

കോട്ടയം: അജ്ഞാത ജീവിയുടെ ആക്രമണത്തെ തുടര്‍ന്ന് ഭീതിയില്‍ കഴിയുകയാണ് കോട്ടയം മുണ്ടക്കയത്തിനടുത്തുളള പുലിക്കുന്നിലെ നാട്ടുകാര്‍. കഴിഞ്ഞ ദിവസം രണ്ട് ആടുകളെയാണ് അജ്ഞാത ജീവി കൊന്നത്. തുടര്‍ച്ചയായി രണ്ടു ദിവസം വന്യജീവിയുടെ സാന്നിധ്യം വ്യക്തമായതോടെ വനം വകുപ്പ് മേഖലയില്‍ നിരീക്ഷണ ക്യാമറ ഘടിപ്പിച്ചിട്ടുണ്ട്.

മുണ്ടക്കയം പുലിക്കുന്ന് ടോപ്പിൽ ചിറയ്ക്കൽ രാജുവിൻ്റെ തൊഴുത്തിൽ കെട്ടിയിരുന്ന രണ്ട് ആടുകളെ അജ്ഞാത ജീവി കൊന്ന നിലയില്‍ കണ്ടെത്തിയത് തിങ്കളാഴ്ചയാണ്. ഇതിന് സമീപത്ത് തന്നെയാണ് അയൽവാസിയായ അരുൺ അഞ്ജാത ജീവിയെ നേരിൽ കണ്ടതും.  പുലിയോട് സാദൃശ്യമുള്ള കാട്ടുമൃഗത്തെ വീടിനടുത്തുളള പശു തൊഴുത്തിന് സമീപം കണ്ടെന്നും ബഹളം വച്ചതോടെ ഈ ജീവി ഓടിമറഞ്ഞെന്നും അരുണ്‍ പറയുന്നു. പുലിയെന്ന് സംശയിക്കുന്ന ജീവിയുടെ സാന്നിധ്യം തുടര്‍ച്ചയായി മേഖലയില്‍ കണ്ടെത്തിയതോടെ ഭീതിയിലാണ് നാട്ടുകാര്‍.

പുലിയുടെ കാല്‍പാടിനോട് സാമ്യമുളള കാല്‍പ്പാടുകളും മേഖലയില്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, കണ്ടത് പുലിയെ ആണെന്ന് നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും പൂച്ച പുലിയാകാം ഇതെന്ന സംശയത്തിലാണ് വനം വകുപ്പ്. ഇക്കാര്യം സ്ഥിരീകരിക്കാനാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. അജ്ഞാത ജീവി ക്യാമറയിലും പതിയുന്നത് കാത്തിരിക്കുകയാണ് പുലിക്കുന്നുകാർ.

LEAVE A REPLY

Please enter your comment!
Please enter your name here