പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്കുളള ഗുസ്തിതാരങ്ങളുടെ പ്രതിഷേധ മാര്‍ച്ചിനെ തടഞ്ഞ് പോലീസ്. ജന്തര്‍മന്തറില്‍ ബാരിക്കേഡുകള്‍ തകര്‍ത്തു. വിവിധ സംസ്ഥാനങ്ങളിലെ ഖാപ് പഞ്ചായത്തുകളും കര്‍ഷകരും ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കുന്ന ഗുസ്തിക്കാരെ പിന്തുണയ്ക്കുന്നവരും ഇന്ന് പാര്‍ലമെന്റ് മന്ദിരത്തിന് സമീപം ‘മഹിളാ സമ്മാന്‍ മഹാപഞ്ചായത്ത്’ നടത്തുമെന്ന് ആഹ്വാനം ചെയ്തിരുന്നു. ഈ മാര്‍ച്ചിനിടെയാണ് സംഘര്‍ഷമുണ്ടായിരിക്കുന്നത്. ഗുസ്തി താരം ബജ്റംഗ് പുനിയയെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചു. അതേസമയം ഇതൊരു സമാധാനപരമായ മാര്‍ച്ചാണെന്നും തെരുവിലിറങ്ങുന്നത് തങ്ങളുടെ അവകാശമാണെന്നുമാണ് പ്രതിഷേധക്കാര്‍ പറഞ്ഞത്.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ഗുസ്തിക്കാര്‍ ജന്തര്‍മന്തറിലെ പോലീസ് ബാരിക്കേഡുകള്‍ ചാടിക്കടക്കുന്നതായി പുറത്തു വന്ന ദൃശ്യങ്ങളില്‍ കാണാം. പ്രതിഷേധക്കാരും പോലീസുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. പുറത്തു വന്ന ഒരു വീഡീയോയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഒരു സ്ത്രീയെ പ്രതിഷേധ സ്ഥലത്ത് നിന്ന് ബലമായി വലിച്ചിഴക്കുന്നതായി കാണാം.
‘തീര്‍ച്ചയായും ഇന്ന് മഹാപഞ്ചായത്ത് നടക്കും. ഞങ്ങളുടെ ആത്മാഭിമാനത്തിന് വേണ്ടിയാണ് ഞങ്ങള്‍ പോരാടുന്നത്. അവര്‍ ഇന്ന് പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നു. പക്ഷേ രാജ്യത്ത് ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണ് ചെയ്യുന്നത്. പോലീസ് കസ്റ്റഡിയിലെടുത്ത ഞങ്ങളുടെ ആളുകളെ മോചിപ്പിക്കണമെന്ന് ഭരണകൂടത്തോട് അഭ്യര്‍ത്ഥിക്കുന്നു’ ഗുസ്തിതാരം ബജ്റംഗ് പുനിയ പറഞ്ഞു.
ഡല്‍ഹിയിലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്കുള്ള ഗുസ്തിക്കാരുടെ ജന്തര്‍മന്തറില്‍ മാര്‍ച്ചില്‍ ഖാപ് പഞ്ചായത്ത് നേതാക്കളും കര്‍ഷകരും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുളലതിനാല്‍ തിക്രി അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. ബിജെപി എംപിയും റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തലവനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ടാണ് ജന്തര്‍മന്തറില്‍ പ്രതിഷേധിക്കുന്ന വനിതാ ഗുസ്തിതാരങ്ങള്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് ഇന്ന് മഹാപഞ്ചായത്ത് വിളിച്ചു ചേര്‍ത്തത്.
ഏപ്രില്‍ 23 മുതല്‍ പാര്‍ലമെന്റ് സമുച്ചയത്തില്‍ നിന്ന് ഏകദേശം 3 കിലോമീറ്റര്‍ അകലെയുള്ള ജന്തര്‍മന്തറില്‍ ഗുസ്തിതാരങ്ങള്‍ സമരം നടത്തിവരികയാണ്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള കര്‍ഷകര്‍ മഹാപഞ്ചായത്തിനായി തലസ്ഥാനത്ത് പ്രവേശിക്കുന്നത് തടയാന്‍, നഗരത്തിലേക്കുള്ള എല്ലാ അതിര്‍ത്തികളും പോലീസ് വളയുകയും ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
ഗാസിപൂര്‍ അതിര്‍ത്തിയില്‍ സെക്ഷന്‍ 144
ഗുസ്തി താരങ്ങളുടെ പ്രതിഷേധ മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ ഗാസിപൂര്‍ അതിര്‍ത്തിയില്‍ സെക്ഷന്‍ 144 ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയമങ്ങള്‍ ലംഘിക്കരുതെന്നും അല്ലാത്തപക്ഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് പ്രതിഷേധക്കാരോട് അറിയിച്ചു.
‘ധാരാളം പ്രതിഷേധക്കാര്‍ അതിര്‍ത്തിയില്‍ എത്തുമെന്ന് ഞങ്ങള്‍ക്ക് സൂചനകളുണ്ട്. ഗാസിപൂര്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രതിഷേധക്കാരുടെ എണ്ണം അനുസരിച്ച് പ്രവേശനം നിയന്ത്രിക്കും,’ ഡിസിപി ഈസ്റ്റ്, അമൃത ഗുഗുലോട്ട് ഇന്ത്യ ടുഡേയോട് പറഞ്ഞു.