കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ആരോഗ്യ മേഖലയില്‍ മികച്ച പരിഗണന.

0
60

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യ സേവനത്തിന് സര്‍ക്കാരും ആരോഗ്യവകുപ്പും വലിയ മുൻതൂക്കവും പരിഗണനയുമാണ് നല്‍കി വരുന്നതെന്ന് ആരോഗ്യ, വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

തിരുവനന്തപുരം, തൈക്കാട് ഗവണ്‍മെന്റ് ആശുപത്രിയിലെ ഇമ്മ്യൂണോ അസ്സെ അനലൈസറിന്റെയും ഫുള്ളി ഓട്ടോമാറ്റഡ് ബയോകെമിസ്ട്രി അനലൈസറിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ജന്മനാല്‍ ഉണ്ടാകുന്ന വളര്‍ച്ചാ പരിമിതികളും വളര്‍ച്ചാ കാലഘട്ടത്തിലെ താമസവും നേരിടുന്ന 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സയും വിവിധ തെറാപ്പികളും നല്‍കുന്ന കേന്ദ്രമാണ് ജില്ലാ ഏര്‍ളി ഇന്റര്‍വെൻഷൻ സെന്റര്‍ അഥവാ ഡി.ഇ.ഐ.സി. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയെന്ന നിലയിലാണ് സ്ഥലം എം എല്‍ എ കൂടിയായ മന്ത്രി ആന്റണി രാജുവിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഡി ഇ ഐ സി ക്കായി തുക അനുവദിച്ചത്. നിലവില്‍ നവീന സാങ്കേതിക സൗകര്യങ്ങള്‍ ലാബുകള്‍ എന്നിവ ഡി ഇ ഐ സി യുടെ ഭാഗമായി സജ്ജമാക്കിയിട്ടുണ്ട്.

ഇമ്മ്യുണോ അസ്സെ അനലൈസര്‍ മെഷീൻ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ സാധാരണ ജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ നിരവധി ടെസ്റ്റുകള്‍ ചെയ്യാൻ സാധിക്കും. 20 ലക്ഷത്തോളം വിലയുള്ള ഇമ്മ്യൂണോ അസ്സെ അനലൈസറിലൂടെ സാധാരണ ടെസ്റ്റുകള്‍ കൂടാതെ പ്രാരംഭഘട്ട ക്യാൻസര്‍ കണ്ടെത്തുന്നതിനുള്ള ടെസ്റ്റുകള്‍, തൈറോയ്ഡ് ടെസ്റ്റ്, കുട്ടികളിലെ ഹോര്‍മോണ്‍ അളവ്, സാംക്രമിക രോഗനിര്‍ണയ പരിശോധനകള്‍ എന്നിവകൂടി നടത്താവുന്നതാണ്. ആരോഗ്യ വകുപ്പ് പ്ലാൻ ഫണ്ടില്‍ 15 ലക്ഷത്തോളം രൂപ വകയിരുത്തിയാണ് ഫുള്ളി ഓട്ടോമാറ്റഡ് ബയോകെമസ്ട്രി അനലൈസര്‍ സജ്ജീകരിച്ചിട്ടുള്ളത്. ആരോഗ്യ മേഖലക്കായി തുക ചെലവഴിക്കാൻ സന്നദ്ധമായതിന് സ്ഥലം എം എല്‍ എ കൂടിയായ ഗതാഗത മന്ത്രി ആന്റണി രാജുവിനോട് നന്ദി അറിയിക്കുന്നതായും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

ഗതാഗത മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.റീന കെ ജെ , കൗണ്‍സിലര്‍മാരായ മാധവദാസ് ജി.കൃഷ്ണകുമാര്‍ എസ്, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ.വി മീനാക്ഷി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിന്ദു മോഹൻ, സൂപ്രണ്ട് ശാന്ത കെ കെ , ഡോ. ആശ വിജയൻ , ഡോ. ഉഷ എൻ തമ്ബാനൂര്‍ രാജീവ് എന്നിവര്‍ സംബന്ധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here