10 മാസം മുൻപ് വിജയ്ക്കൊപ്പം എടുത്ത ഫോട്ടോ പങ്കുവെച്ച് സംവിധായകൻ വെങ്കട് പ്രഭു. തന്നിലർപ്പിച്ച വിശ്വാസത്തിൽ ദളപതി വിജയ്‌യോട് വെങ്കട് പ്രഭു നന്ദിയും പറഞ്ഞു. ഏകദേശം ഒരു വർഷം മുമ്പാണ് വെങ്കട് പ്രഭു, വിജയ്‌യുടെ അരികിൽ കഥ പറയാനെത്തുന്നത്. ആ പ്രോജക്ടിന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായത് കഴിഞ്ഞ ദിവസവും. വിജയ് ചിത്രം പ്രഖ്യാപിച്ചതിനു പിന്നാലെ പത്ത് മാസം മുമ്പ് വിജയ്‌യുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഫോട്ടോ വെങ്കട് പ്രഭു സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു.
‘‘എന്നിലർപ്പിച്ച വിശ്വാസത്തിൽ വിജയ്‌യോട് നന്ദി പറയുന്നു. അന്ന് വാക്ക് പറഞ്ഞ പോലെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപന സമയത്ത് ഈ ഫോട്ടോ റിലീസ് ചെയ്യുന്നു. പത്ത് മാസ മുന്‍പെടുത്ത ചിത്രമാണിത്. അതെ സ്വപ്നങ്ങള്‍ സത്യമാകും.’’–വെങ്കട് പ്രഭു കുറിച്ചു.