ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സര ത്രില്ലറിന് ഒടുവിൽ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിലേക്ക് മുന്നേറിയിരുന്നു. ഇതിന് പിന്നാലെ രോഹിത് ശർമ്മയും സൂര്യകുമാർ യാദവും ഉൾപ്പെടെയുള്ള താരങ്ങൾ ആഘോഷവും തുടങ്ങി. മുംബൈ ടീമിന്റെ ആഘോഷത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. സൺ റൈസേഴ്‌സിനെതിരെ 12 പന്തുകൾ ശേഷിക്കെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് മുംബൈ പ്ലേ ഓഫ് ഉറപ്പിച്ചത്.
ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും (ആർസിബി) ഗുജറാത്ത് ടൈറ്റൻസും (ജിടി) തമ്മിലുള്ള മത്സരത്തെ ആശ്രയിച്ചായിരുന്നു മുംബൈയുടെ അന്തിമ വിധി എന്നതിനാൽ വിജയം അവർക്ക് മതിയാകുമായിരുന്നില്ല. ഒടുവിൽ ടൈറ്റൻസ് ആർസിബിയെ തോൽപിച്ചതോടെ മുംബൈ പ്ലേഓഫിലേക്ക് കടന്നു. ആർസിബിയാവട്ടെ പുറത്താവുകയും ചെയ്‌തു.
നേരത്തെ, കാമറൂൺ ഗ്രീൻ തന്റെ കന്നി ഐപിഎൽ സെഞ്ച്വറി നേടുകയും സൺറൈസേഴ്‌സിനെ ഹോം ഗ്രൗണ്ടിൽ പരാജയപ്പെടുത്താൻ മുംബൈയെ സഹായിക്കുകയും ചെയ്‌തു. തനിക്ക് ഒരിക്കലും സമ്മർദ്ദം അനുഭവപ്പെട്ടിട്ടില്ലെന്നും പവർ ഹിറ്റിംഗിൽ തന്നെ സഹായിച്ചതിന് കെയ്‌റോൺ പൊള്ളാർഡിന് അംഗീകാരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
“രോഹിത്തിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കി, അദ്ദേഹം അനുഭവ സമ്പത്തുള്ളവനാണ്. മറുവശത്ത് അദ്ദേഹത്തിന്റെ നേതൃപാടവം സഹായകമായി. സജ്ജീകരണം മികച്ചതായിരുന്നു, ഞാൻ നന്നായി ശ്രദ്ധിച്ചു. പ്രൈസ് ടാഗ് ഉണ്ടായിരുന്നതിന്റെ സമ്മർദ്ദമില്ലായിരുന്നു. ടോപ് ഓർഡർ നിർണായകമായിരുന്നു, ഇഷാനും ഒപ്പം രോഹിതും എനിക്ക് മുൻപും സ്കൈ ശേഷവും” മത്സരശേഷം ഗ്രീൻ പറഞ്ഞു.
അതേസമയം, ഐപിഎൽ എലിമിനേറ്ററിൽ കൃണാൽ പാണ്ഡ്യ നയിക്കുന്ന ലക്‌നൗ സൂപ്പർ ജയന്റ്സിന് എതിരെയാണ് മുംബൈ ചെപ്പോക്കിൽ ഇറങ്ങുക. ഒന്നാം ക്വാളിഫയറിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തും, ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിൽ ഏറ്റുമുട്ടും.