കുമളി: തമിഴ്നാട് വന മേഖലയിൽ ഭീതിപരത്തിയ അരിക്കൊമ്പൻ വീണ്ടും കേരളത്തിലെ വനത്തിലെത്തി. അരിക്കൊമ്പനെ ഇറക്കിവിട്ട മുല്ലക്കൊടിയിലാണ് രണ്ടുദിവസമായി കാട്ടാനയുള്ളത്. കേരളത്തിലെ പെരിയാര്‍ കടുവ സങ്കേതത്തിൽ ഉൾപ്പെടുന്നതാണ് മുല്ലക്കുടി വനംപ്രദേശം.
അരിക്കൊമ്പൻ രണ്ട് ദിവസമായി ഇവിടെ തന്നെ തുടരുകയാണെന്നും അതിര്‍ത്തി കടന്ന് പോയിട്ടില്ലെന്നും വനം വകുപ്പ് വ്യക്തമാക്കി. ആനയെ നിരീക്ഷിക്കുന്നതിനുള്ള റേഡിയോ കോളറിൽനിന്നുള്ള വിവരം അനുസരിച്ചാണ് വനംവകുപ്പ് ഇക്കാര്യം പറഞ്ഞത്. കൂടാതെ അരിക്കൊമ്പനെ നിരീക്ഷിക്കാൻ നിയോഗിച്ച് വനംവകുപ്പ് ജീവനക്കാരും ഇക്കാര്യം സ്ഥിരീകരിച്ചു.
അരിക്കൊമ്പനെ തുറന്ന് വിട്ടത് മുല്ലകുടിക്ക് സമീപത്തുള്ള മേദകാനത്തായിരുന്നു. അതേസമയം അരിക്കൊമ്പൻ മുല്ലക്കുടിയിൽ തുടരുന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് വനം വകുപ്പ് അറിയിക്കുന്നത്. റേഡിയോ കോളറില്‍ നിന്നുള്ള വിവരങ്ങള്‍ കൃത്യമായി ലഭിക്കുന്നുണ്ടെന്നും വനം വകുപ്പ് അറിയിച്ചു.
എന്നാൽ കേരള വനംവകുപ്പ് തുറന്നുവിട്ട അരിക്കൊമ്പൻ തമിഴ്നാട്ടിലെ വനത്തോട് ചേർന്ന ജനവാസമേഖലയായ മേഖമലയിൽ ഭീതി പരത്തിയിരുന്നു. ഇവിടെ വീടും വനംവകുപ്പ് വാഹനവും അരിക്കൊമ്പൻ തകർത്തിരുന്നു. കൂടാതെ വൻ കൃഷിനാശവും വരുത്തി. അതുകൊണ്ടുതന്നെ അരിക്കൊമ്പനെ വനത്തിലേക്ക് തുരത്താനായതിന്‍റെ ആശ്വാസത്തിലാണ് തമിഴ്‌നാട് വനംവകുപ്പും മേഖമലയിലെ ജനങ്ങളും.