കൊടും ചൂടിൽ കാറിനുള്ളിൽ കുടുങ്ങിയ രണ്ട് വയസ്സുകാരിക്ക് ദരുണാന്ത്യം. 15 മണിക്കൂർ നേരം കുഞ്ഞ് കാറിനുള്ളിൽ കഴിഞ്ഞിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് കുഞ്ഞിന്റെ പിതാവിനേയും അമ്മയേയും അറസ്റ്റ് ചെയ്തു. കുട്ടിയുടെ ശരീര താപനില 41.6 ഡിഗ്രി സെൽഷ്യസിൽ എത്തിയിരുന്നു. നാല് വയസ്സുള്ള കുട്ടിയും കാറിലുണ്ടായിരുന്നു. എന്നാൽ ആ കുഞ്ഞ് രക്ഷപ്പെടുകയായിരുന്നു. നിലവിൽ ചൈൽഡ് പ്രൊട്ടക്റ്റീവ് സർവീസസിന്റെ സംരക്ഷണയിലാണ്.
അമേരിക്കയിലെ ഫ്‌ലോറിഡയിലാണ് സംഭവം നടക്കുന്നത്. പിതാവ് ക്രിസ്റ്റഫർ മക്ലീനെയും അമ്മ കാതറിൻ ആഡംസിനേയും ആണ് അറസ്റ്റ് ചെയ്തത്. രണ്ട് വയസ്സും നാല് വയസ്സും പ്രായമുള്ള കുട്ടികൾ കാറിലുണ്ടായിരുന്ന കാര്യം അമ്മ കാതറിൻ മറന്നു പോവുകയായിരുന്നു. സംഭവം ഓർത്തപ്പോൾ അബോധാവസ്ഥയിലായ കുഞ്ഞുങ്ങളെ കാറിൽ കണ്ടെടുക്കുകയും ചെയ്തു. പിന്നാലെ ആശുപത്രിയിൽ എത്തിയ്ക്കുകയായിരുന്നു.
രണ്ട് മക്കളും കാറിലുണ്ടെന്നുള്ള കാര്യം കാതറിൻ മറന്നു പോവുകയായിരുന്നു. ഒരു രാത്രി മുഴുവൻ കുട്ടികൾ കാറിൽ കിടന്നു. പിറ്റേന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് കുട്ടികളെ കാറിൽ നിന്നും കണ്ടെത്തുന്നത്. മെയ് 16നാണ് സംഭവം നടക്കുന്നത്. ദമ്പതികളുടെ വീട്ടിൽ നിന്നും പോലീസ് മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗിച്ചതിനാൽ കുട്ടികളുടെ കാര്യം കാതറിനും ക്രിസ്റ്റഫറും മറന്നു പോവുകയായിരുന്നു.
മയക്കുമരുന്നിൽ ഒരു വ്യക്തി യഥാർത്ഥ ലോകത്ത് എന്താണ് സംഭവിക്കുന്നതെന്ന് മറക്കുന്നുവെന്നും പിന്നീട് ഇത്തരം കാര്യങ്ങൾ സംഭവിക്കുമെന്നും പോലീസ് പറഞ്ഞു. മയക്കുമരുന്ന് കൈവശം വെച്ചതിനും കുട്ടിയോട് അശ്രദ്ധ കാട്ടിയതിനും മാതാപിതാക്കൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ പോസ്റ്റ്മോർട്ടത്തിന് ശേഷം ദമ്പതികൾക്കെതിരെ കൂടുതൽ കുറ്റം ചുമത്താമെന്ന് പോലീസ് സ്ഥിരീകരിച്ചു.