‘വെള്ളം’ സിനിമയിലെ യഥാര്‍ത്ഥ കഥാപാത്രമായ വാട്ടർമാൻ മുരളി അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘നദികളില്‍ സുന്ദരി യമുന’ (Nadikalil Sundari Yamuna) എന്ന സിനിമയ്ക്കുവേണ്ടി ധ്യാന്‍ ശ്രീനിവാസന്‍ (Dhyan Sreenivasan) ഗായകനാകുന്നു. ധ്യാന്‍ ആദ്യമായി പിന്നണിഗായകനാകുന്ന ഈ ഗാനം രചിച്ചത് മനു മഞ്ജിത്തും സംഗീതം നല്‍കിയത് അരുണ്‍ മുരളീധരനുമാണ്. സിനിമാറ്റിക്കയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ്.
കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യര്‍, അവര്‍ക്കിടയിലെ കണ്ണന്‍, വിദ്യാധരന്‍, എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കണ്ണനെ ധ്യാന്‍ ശ്രീനിവാസനും, വിദ്യാധരനെ അജു വര്‍ഗീസും അവതരിപ്പിക്കുന്നു. സിനിമാറ്റിക് ഫിലിംസ് എല്‍എല്‍പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
സുധീഷ്, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ ഷാജോണ്‍, നവാസ് വള്ളിക്കുന്ന്, അനീഷ്, പാര്‍വ്വണ, ആമി, ഉണ്ണിരാജ, ഭാനുപയ്യന്നൂര്‍, ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടന്‍, സോഹന്‍ സിനുലാല്‍, ശരത് ലാല്‍, കിരണ്‍ രമേശ്, വിസ്മയ ശശികുമാർ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. മനു മഞ്ജിത്തിന്റെയും ഹരിനാരായണന്റെയും വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ഈണം പകര്‍ന്നിരിക്കുന്നു. ശങ്കര്‍ ശര്‍മയാണ് ബി.ജി.എം.