കോഴിക്കോട്: തരിശിടങ്ങള്‍ നെല്ലറയാക്കിയതിന്റെ ആഹ്ലാദത്തിലാണ് ചേളന്നൂര്‍ ഗ്രാമപഞ്ചായത്തിലെ മുതുവാട്ടുതാഴം പാടശേഖരം.
പാടത്തു നിന്ന് കര്‍ഷകര്‍ കൊയ്തെടുത്ത നെന്മണികള്‍ തീര്‍ക്കുന്നത് വലിയ പ്രതീക്ഷയാണ്. തരിശായികിടന്ന 14 ഏക്കര്‍ ഭൂമിയില്‍ പൊന്നു വിളയിക്കാന്‍ ഒരുമനസ്സോടെ പതിനാറോളം കര്‍ഷകരാണ് വയലിലേക്ക് ഇറങ്ങിയത്. ഉമ, രക്തശാലി എന്നീ വിത്തിനങ്ങളാണ് ഇക്കുറി വിതച്ച് വിജയം കൊയ്തത്.
മുതുവാട്ടുതാഴം പാടശേഖരം ഒരു മാതൃകയാണ്. കേരളത്തിലെ സ്മൃതിയടഞ്ഞു പോയ കാര്‍ഷിക സംസ്കാരം വീണ്ടെടുക്കുന്നതില്‍ ഒരു ഗ്രാമപഞ്ചായത്ത് തീര്‍ക്കുന്ന മാതൃക. മുതുവാട്ടുതാഴം പാടശേഖര സമിതിക്കൊപ്പം ആദ്യാവസാനം നെല്‍കൃഷിയില്‍ വിജയഗാഥ തീര്‍ക്കുന്നതില്‍ പഞ്ചായത്ത് മുന്‍നിരയില്‍ നിന്നു. നെല്ലിന് പ്രാദേശികമായി വിപണി കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്.
കാര്‍ഷിക വകുപ്പ്, ബ്ലോക്ക് -ഗ്രാമപഞ്ചായത്തുകളുടെ പൂര്‍ണ പിന്തുണയിലാണ് കര്‍ഷകര്‍ നൂറുമേനി വിളവ് നേടിയത്. തരിശുനിലമായതിനാല്‍ മികച്ച വളക്കൂറ് ലഭിച്ചു. കനാല്‍വെള്ളമാണ് കൃഷിക്കായി ഉപയോഗിച്ചത്. ജൈവവളമാണ് പൂര്‍ണമായും ഉപയോഗപ്പെടുത്തിയത്. വിഷരഹിത നെല്ല് ആളുകളിലേക്കെത്തിക്കാന്‍ സാധിക്കും എന്നതാണ് പ്രധാനനേട്ടം. വിത്ത് ഉപയോഗിച്ച് കരനെല്‍ കൃഷി നടത്താനും ലക്ഷ്യമിടുന്നു.
തങ്ങളുടെ അധ്വാനം ഫലപ്രാപ്തിയില്‍ എത്തിയ സന്തോഷത്തിലാണ് മുതുവാട്ടുതാഴം പാടശേഖരത്തിലെ കര്‍ഷകര്‍. പ്രയാസങ്ങള്‍ വന്നപ്പോഴെല്ലാം കൃഷിവകുപ്പും പഞ്ചായത്തും നല്‍കിയ പിന്തുണ വലുതാണെന്ന് പറയുകയാണ് കര്‍ഷകനായ ചന്ദ്രന്‍ മൂത്തേടത്ത്. കൃഷി നല്‍കുന്ന സന്തോഷം ചെറുതല്ല. അടുത്ത വര്‍ഷം വീണ്ടും കൃഷിയിറക്കാനുള്ള ഊര്‍ജമാണ് വിളവെടുപ്പ് നല്‍കിയതെന്നും അദ്ദേഹം പറയുന്നു.