കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ആശ്വാസമായി ഭിവണ്ടിയിലെ മജിസ്ട്രേറ്റ് കോടതി ഉത്തരവ്. ആര്‍എസ്എസിനെതിരായ പരാമര്‍ശത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതിയില്‍ ഹാജരാകുന്നതിന് സ്ഥിരമായ ഇളവ് ലഭിച്ചു. ഇതോടെ കോടതി നടപടികളില്‍ നേരിട്ട് ഹാജരാകാതെ കേസിലെ വാദം കേള്‍ക്കാം. എന്നാല്‍ നടപടിക്രമങ്ങള്‍ക്കിടയില്‍ ആവശ്യമുണ്ടെങ്കില്‍ ഹാജരാകാന്‍ കോടതിക്ക് ആവശ്യപ്പെടാം. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് കുണ്ഡെ നല്‍കിയ ക്രിമിനല്‍ മാനനഷ്ടക്കേസിലാണ് തീരുമാനം.
2014ലെ തിരഞ്ഞടുപ്പിന് മുമ്പ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗങ്ങളിലൊന്നില്‍ മഹാത്മാഗാന്ധിയുടെ മരണത്തിന് ഉത്തരവാദി ആര്‍എസ്എസാണെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കുണ്ഡെ മാനനഷ്ടക്കേസ് നല്‍കിയത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടിയിലെ പരിപാടിയിലായിരുന്നു പരാമര്‍ശം. കേസിന്റെ നടപടികള്‍ 2014 മുതല്‍ മഹാരാഷ്ട്രയിലെ ഭിവണ്ടിയിലെ ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുമ്പാകെ നടന്നുകൊണ്ടിരിക്കുകയാണ്. 2018 ജൂണില്‍ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരായ രാഹുല്‍ താന്‍ നിരപരാധിയാണെന്ന് സമ്മതിക്കുകയും ചെയ്തു. അതിനുശേഷം വിചാരണയും ആരംഭിച്ചു.
താന്‍ ഒരു പാര്‍ലമെന്റ് അംഗമാണെന്നും നിയോജക മണ്ഡലം സന്ദര്‍ശിച്ച് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കേണ്ടതുണ്ടെന്നും പറഞ്ഞ് 2022-ലാണ് കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് സ്ഥിരമായ ഇളവ് ആവശ്യപ്പെട്ട് രാഹുല്‍ അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ഈ ആവശ്യത്തെ എതിര്‍ത്ത പരാതിക്കാരന്‍, അപകീര്‍ത്തിക്കേസില്‍ സൂറത്ത് കോടതി പുറപ്പെടുവിച്ച രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയും എംപി സ്ഥാനത്തിലെ അയോഗ്യതയും ഉള്‍പ്പെടെയുള്ള പുതിയ വസ്തുതകള്‍ രേഖപ്പെടുത്തി.
സൂറത്ത് കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തന്റെ കക്ഷി ചോദ്യം ചെയ്തതായി രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ നാരായണ്‍ അയ്യര്‍ വാദിച്ചു. പുതിയ സംഭവവികാസങ്ങള്‍ക്ക് ഇതിനകം സമര്‍പ്പിച്ച ഇളവ് അപേക്ഷയെ സ്വാധീനിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വാദിച്ചു. എല്ലാ കക്ഷികളെയും വിശദമായി കേട്ട ശേഷം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എല്‍സി വാടികറാണ് സ്ഥിരമായ ഇളവ് അപേക്ഷ അനുവദിച്ചത്. ജൂണ്‍ 3 മുതല്‍ മജിസ്ട്രേറ്റ് കേസില്‍ തെളിവെടുപ്പ് ആരംഭിക്കും.