ആധാറുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും പരിഹരിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്റ്സിന്റെ പിന്തുണയോടെ പുതിയൊരു ചാറ്റ്ബോട്ട് സൃഷ്ടിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാരും യുഐഡിഎഐയും. ഇതിന്റെ പേരാണ് ആധാര്‍ മിത്ര.
ആധാര്‍ മിത്ര ചാറ്റ്ബോട്ടിനെക്കുറിച്ച് നിങ്ങള്‍ അറിയേണ്ടതെല്ലാം
ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ആളുകളെ സഹായിക്കുന്നതിന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അടുത്തിടെ ഒരു ചാറ്റ്ബോട്ട് അവതരിപ്പിച്ചു. അതാണ് “ആധാര്‍ മിത്ര” ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്/മെഷീന്‍ ലേണിംഗ് (AI/ML) അടിസ്ഥാനമാക്കിയുള്ള ചാറ്റ്ബോട്ടിന് യുഐഡിഎഐയുടെ വെബ്‌സൈറ്റ് പ്രകാരം, “ആധാറുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും ആധാര്‍ കേന്ദ്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനും ആധാര്‍ എന്‍റോള്‍മെന്റ്/ അപ്‌ഡേറ്റ് സ്റ്റാറ്റസ് പരിശോധിക്കാനും പിവിസി കാര്‍ഡ് ഓര്‍ഡര്‍ സ്റ്റാറ്റസ് പരിശോധിക്കാനും പരാതി ഫയല്‍ ചെയ്യാനും പരാതിയുടെ നില പരിശോധിക്കാനും എന്‍റോള്‍മെന്റ് സെന്റര്‍ കണ്ടെത്താനും കഴിയും. ഇത് നിലവില്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ലഭ്യമാണ്.
ഇ-കെവൈസി പട്ടിക പുറത്തിറക്കി സെബി; ആധാര്‍ കാര്‍ഡിന് പ്രാധാന്യമേറുന്നു
കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യുന്നതിന് ഉപയോക്താവിന് ആധാര്‍ എന്‍റോള്‍മെന്റ് കേന്ദ്രത്തിലേക്ക് പോകേണ്ടതില്ല. ചാറ്റ്ബോട്ട് വഴി ഇത് ചെയ്യാം. ഒറിജിനല്‍ നഷ്ടപ്പെട്ടാല്‍ ഡ്യൂപ്ലിക്കേറ്റ് ആധാറിനും ഇതുവഴി അപേക്ഷിക്കാം.
ഉപയോക്താക്കളെ ഇത് എങ്ങനെ ഉപയോഗിക്കാമെന്നും മനസ്സിലാക്കാന്‍ സഹായിക്കുന്ന വീഡിയോകളും ആധാര്‍ മിത്ര കാണിക്കുന്നു. ഇതിനായി https://uidai.gov.in/en/ എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി.
ആധാര്‍ മിത്ര എങ്ങനെ ഉപയോഗിക്കാം?
www.uidai.gov.in എന്ന വെബ്സൈറ്റ് തുറക്കുക
താഴെ വലത് കോണിലുള്ള “ആധാര്‍ മിത്ര” ബോക്സില്‍ ക്ലിക്ക് ചെയ്യുക. “ഹായ്, ഞാന്‍ നിങ്ങളുടെ ആധാര്‍ മിത്രയാണ്. ഹൗ മെ ഐ ഹെല്‍പ്പ് യു!!” എന്ന് പറഞ്ഞ് ചാറ്റ്ബോട്ട് തുറക്കും.
ചോദ്യം ചോദിക്കാന്‍ “ആരംഭിക്കുക” എന്നതില്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ തിരയല്‍ ബോക്സില്‍, അന്വേഷണം നല്‍കി എന്റര്‍ ബട്ടണില്‍ ക്ലിക്കുചെയ്യുക. ചാറ്റ്ബോട്ട് മറുപടി നല്‍കും.
കൂടാതെ, മുകളില്‍ ലഭ്യമായ നിര്‍ദ്ദേശിച്ച അന്വേഷണ ഓപ്ഷനില്‍ നിങ്ങള്‍ക്ക് ക്ലിക്ക് ചെയ്യാം.