പട്ന• തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ പ്രഖ്യാപിക്കുന്ന ‘ജൻ സുരാജ്’ രാഷ്ട്രീയ പ്രസ്ഥാനം ആം ആദ്മി പാർട്ടി മാതൃകയിലാകുമെന്നു സൂചന. സ്വദേശമായ ബിഹാറിലാകും ജൻ സുരാജ് രാഷ്ട്രീയ പരീക്ഷണമെന്നു പ്രശാന്ത് കിഷോർ വെളിപ്പെടുത്തിയിട്ടുണ്ട്. ജനകീയ സദ്ഭരണ മാതൃകയെന്ന നിലയിലാകും ‘ജൻ സുരാജ്’ അവതരണം.
സംഘടനാ രൂപീകരണത്തിനു മുന്നോടിയായി പ്രശാന്ത് കിഷോർ പട്നയിൽ വിവിധ മേഖലകളിലുള്ള വ്യക്തികളുമായി ആശയ വിനിമയം നടത്തുന്നുണ്ട്. യുവജനങ്ങളെയും സന്നദ്ധ സംഘടനാ പ്രവർത്തകരെയും രംഗത്തിറക്കി സമൂഹ മാധ്യമങ്ങളുടെ പിൻബലത്തിൽ സംഘടന കെട്ടിപ്പടുക്കുന്ന അരവിന്ദ് കേജ്‌രിവാൾ തന്ത്രത്തിലാണ് പ്രശാന്ത് കിഷോറിന്റെയും പ്രതീക്ഷകൾ.
ബിഹാറിലെ ജാതി രാഷ്ട്രീയ സമവാക്യങ്ങൾ മറികടന്നു ജനകീയ പ്രസ്ഥാനം കെട്ടിപ്പടുക്കുക അത്ര എളുപ്പമല്ലെന്നാണു രാഷ്ട്രീയ വൃത്തങ്ങളുടെ വിലയിരുത്തൽ. രാഷ്ട്രീയ കാലാവസ്ഥയ്ക്ക് അനുസരിച്ചു നിറം മാറുന്ന പ്രശാന്ത് കിഷോറിന്റെ പ്രതിഛായയിൽ ജനവിശ്വാസം ആർജിക്കുക ദുഷ്കരമാകും.
ബിജെപിയും കോൺഗ്രസും പ്രാദേശിക കക്ഷികളുമടക്കം പ്രശാന്ത് കിഷോർ ഉപദേശക വേഷം കെട്ടാത്ത പാർട്ടികൾ കുറവാണ്. ജനതാദൾ (യു) ദേശീയ ഉപാധ്യക്ഷനായി സജീവ രാഷ്ട്രീയത്തിലിറങ്ങിയെങ്കിലും അധികനാൾ നീണ്ടു നിന്നില്ല.
അതേസമയം, പ്രശാന്ത് കിഷോറിന്റെ രാഷ്ട്രീയ പ്രവേശം ബിഹാർ രാഷ്ട്രീയത്തിൽ ചലനമൊന്നും സൃഷ്ടിക്കില്ലെന്നു ബിജെപി നേതാവ് സുശീൽ കുമാർ മോദി പ്രതികരിച്ചു. തിരഞ്ഞെടുപ്പു മുദ്രാവാക്യങ്ങളും പോസ്റ്ററുകളും തയാറാക്കുന്ന പ്രചരണ തന്ത്രജ്ഞന്റെ ജോലിയിൽനിന്നു വ്യത്യസ്തമാണ് ജനനായകന്റെ തട്ടകമെന്നു സുശീൽ മോദി പറഞ്ഞു.