വെസ്റ്റ് ബാങ്ക്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ കുടിയേറ്റ കേന്ദ്രങ്ങളിലേക്ക് മാര്‍ച്ച് നടത്തി ഇസ്രായേല്‍ മന്ത്രിസഭാംഗങ്ങള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍.
അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നബ്ലുസിലെ ഉപേക്ഷിക്കപ്പെട്ട അനധികൃത ഔട്ട്പോസ്റ്റ് നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ടും കുടിയേറ്റക്കാര്‍ക്കെതിരായ അക്രമം വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ചുമായിരുന്നു മാര്‍ച്ച്.
തീവ്ര വലതുപക്ഷ കക്ഷി നേതാവും ദേശീയ സുരക്ഷ മന്ത്രിയുമായ ബെന്‍ ഗാവിര്‍, ധനമന്ത്രി ബെസലെല്‍ സ്മോട്രിച്ച്, മതകാര്യ മന്ത്രി മിഖായേല്‍ മാല്ചിയാലി തുടങ്ങി 20ലേറെ മന്ത്രിമാര്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. സയണിസ്റ്റ് സമൂഹത്തിലെ പുരോഹിതന്മാരും സംഘടന നേതാക്കളും സംബന്ധിച്ചു. വന്‍ സുരക്ഷ സന്നാഹത്തിന്റെ അകമ്ബടിയില്‍ നടത്തിയ റാലിയില്‍ പതിനായിരത്തിലേറെപേര്‍ പങ്കെടുത്തു.
തീവ്രവാദത്തിനുമുന്നില്‍ കീഴടങ്ങില്ലെന്നും ജൂതസമൂഹം കരുത്തരാണെന്ന് പറയാനാണ് തങ്ങള്‍ ഇവിടെയെത്തിയതെന്നും മന്ത്രി ബെന്‍ ഗാവിര്‍ പഞ്ഞു. വെസ്റ്റ് ബാങ്കില്‍ കുടിയേറ്റം വ്യാപിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രകടനത്തില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴങ്ങി. ഇസ്രായേലില്‍ ബെന്‍ ഗാവിര്‍ നയിക്കുന്ന തീവ്ര വലതുപക്ഷ പാര്‍ട്ടിയുടെ പിന്‍ബലത്തോടെ അധികാരത്തിലെത്തിയ നെതന്യാഹു ഭരണകൂടം കുടിയേറ്റം വ്യാപിപ്പിക്കുമെന്ന പ്രഖ്യാപിത നിലപാടിലാണ്.
അമേരിക്ക ഉള്‍പ്പെടെ അന്താരാഷ്ട്ര സമൂഹത്തിന്റെ എതിരഭിപ്രായത്തെ അവര്‍ വിലമതിക്കുന്നില്ല. കഴിഞ്ഞ ദിവസം മസ്ജിദുല്‍ അഖ്സയില്‍ ഇസ്രായേല്‍ പൊലീസ് അതിക്രമിച്ചുകയറിയതും സംഘര്‍ഷം വര്‍ധിപ്പിച്ചു. 2000ത്തിന് ശേഷമുള്ള ഏറ്റവും വലിയ സംഘര്‍ഷ സാഹചര്യത്തിലൂടെയാണ് മേഖല കടന്നുപോകുന്നത്.