നീതി വൈകുന്നു, ആത്മഹത്യ ഭീഷണിയുമായി യുവാവ്.

0
49

കൊച്ചി: വാഹന അപകട ഇന്‍ഷുറസ് കേസില്‍ നീതി വൈകുന്നതായി ആരോപിച്ച്‌ കൊച്ചിയില്‍ ടെലിഫോണ്‍ ടവറിന് മുകളില്‍ കയറി യുവാവിന്‍റെ ആത്മഹത്യ ഭീഷണി.

അഭിഭാഷകനും ഇന്‍ഷുറന്‍സ് കമ്ബനയും ഒത്തുകളിച്ച്‌ നഷ്ടപരിഹാരം വൈകിപ്പിക്കുന്നുവെന്നാണ് ആരോപണം. ആലപ്പുഴ സ്വദേശിയായ യുവാവിനെ പോലീസും ഫയര്‍ഫോഴ്സുമെത്തി രണ്ടരമണിക്കൂര്‍ നീണ്ട പരിശ്രമത്തിലൊടുവിലാണ് രക്ഷപ്പെടുത്തിയത്.

2021 ല്‍ തിരൂരില്‍ വെച്ചാണ് യുവാവിന് അപകടം സംഭവിച്ചത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് കാര്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് കൈയ്ക്ക് അടക്കം സാരമായി പരിക്കേറ്റതോടെ ശസ്ത്രക്രിയയും നടത്തേണ്ടി വന്നു. കൊച്ചിയിലെ വാഹന അപകട ഇന്‍ഷുറന്‍സ് പരാതികള്‍ പരിഗണിക്കുന്ന കോടതിയില്‍ കേസുമെത്തി. എന്നാല്‍ അഭിഭാഷകന്‍ കേസ് അനാവശ്യമായി വൈകിപ്പിക്കുന്നുവെന്നാണ് ഇയാളുടെ ആരോപണം. ഇതിനിടെ കൈയ്ക്ക് നടത്തിയ ശസ്ത്രക്രിയയിലെ പ്രശ്നങ്ങള്‍ കാരണം ഡ്രൈവറായ ഇയാള്‍ക്ക് ജോലിയും പോയി. മൂന്ന് കുട്ടികളെ പരിപാലിക്കാന്‍ ആരുമില്ലാത്തതിനാല്‍ ഭാര്യയ്ക്കും ജോലി ഉപേക്ഷിക്കേണ്ടി വന്നു.

കേസ് ഒത്തുതീര്‍പ്പാക്കാന്‍ അഭിഭാഷകനോട് ആവശ്യപ്പെട്ടെങ്കിലും അതും നടന്നില്ല. കൈയ്യുടെ പരിക്ക് ഭേദമാകാന്‍ വീണ്ടുമൊരു ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടര്‍മാരും വിശദമാക്കിയിരിക്കുന്നത്. തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തിലായ യുവാവ് കൊച്ചി നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. പോലീസിന്റെയും ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരുടെയും മണിക്കൂറുകളുടെ അധ്വാനത്തിലാണ് ഇയാളെ താഴെ ഇറക്കാന്‍ സാധിച്ചത്. ഇയാള്‍ക്കെതിരെ കൊച്ചി പോലീസ് ആത്മഹത്യശ്രമത്തിന് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here